
ദില്ലി: കേരളത്തില്‍ കോവിഡ് നിയന്ത്രണത്തില്‍ പിഴവ് വന്നു എന്ന കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധന്‍റെ പ്രസ്താവന ഒരു സംസ്ഥാനത്തെ മാത്രമായി കുറ്റപ്പെടുത്തിയതല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവൃത്തങ്ങൾ. ഉത്സവങ്ങൾക്കു മുമ്പ് മുന്നറിയിപ്പു നല്കിയതാണ്, ഇത് പാലിക്കാത്തതാണ് മന്ത്രി ചൂണ്ടിക്കാട്ടിയത് എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേ സമയം കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ കേന്ദ്ര ആരോഗ്യമന്ത്രി വിമര്‍ശിച്ചെന്ന വാര്‍ത്ത ഡോ.ഹര്‍ഷവര്‍ധൻ നിഷേധിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഓണസമയത്ത് കേരളത്തില്‍ ആൾക്കൂട്ടങ്ങളുണ്ടായെന്നും ഇത് രോഗം കൂടാൻ ഇടയാക്കിയെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത് . ഇക്കാര്യം വാസ്തവമാണ്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. കേരളം പരിശോധനകളുടെ എണ്ണം മനപ്പൂര്‍വ്വം കുറച്ചിട്ടില്ല .
ലക്ഷണങ്ങളുള്ളവരേയും സമ്പര്‍ക്കത്തില്‍ വന്നവരേയും രോഗസാധ്യതയുള്ള വിഭാഗങ്ങളേയും കൃത്യമായി പരിശോധിക്കുന്നുണ്ട്. മരണ നിരക്ക് കുറച്ചുനിര്‍ത്താനായതാണ് കേരളത്തിന്‍റെ നേട്ടമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആദ്യഘട്ടത്തിൽ രോഗ നിയന്ത്രണം സാധ്യമായ കേരളത്തിൽ പിന്നീട് പ്രതിരോധത്തിൽ വന്ന വീഴ്ച്ചകൾക്കാണ് ഇപ്പോൾ വില നൽകുന്നതെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമര്‍ശനം.
സൺഡേ സംവാദ് പരിപാടിക്ക് മുന്നോടിയായി പുറത്ത് വിട്ട ടീസറിലാണ് കേരളത്തെ വിമർശിക്കുന്ന ഭാഗം ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കൊവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിൽ രോഗ വ്യാപനം പിടിച്ചുനിർത്താൻ സംസ്ഥാനത്തിന് കഴിഞ്ഞിരുന്നു.
എന്നാൽ പിന്നീട് സമ്പർക്ക രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയായിരുന്നു. നിലവിൽ രാജ്യത്ത് കൂടുതൽ പ്രതിദിന രോഗബാധിതരുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഒരുഘട്ടത്തിൽ കേരളത്തിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 10,000 ത്തിന് മുകളിൽ എത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam