അടുത്ത ലക്ഷ്യം തമിഴ്നാട് എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുഴുവൻ സംഘിപ്പടയുമായി വന്നാലും തമിഴ്നാട്ടിൽ ജയിക്കില്ലെന്നും അഹങ്കാരത്തിന് മുന്നിൽ തമിഴ്നാട് തലകുനിക്കില്ലെന്നും സ്റ്റാലിൻ
ചെന്നൈ: മുഴുവൻ സംഘിപ്പടയുമായി വന്നാലും തമിഴ്നാട്ടിൽ ജയിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അടുത്ത ലക്ഷ്യം തമിഴ്നാട് എന്നു പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടി നൽകുകയായിരുന്നു സ്റ്റാലിൻ. തമിഴ്നാടിന്റെ സ്വഭാവം അമിത് ഷായ്ക്ക് മനസിലായിട്ടില്ല. അഹങ്കാരത്തിന് മുന്നിൽ തമിഴ്നാട് തലകുനിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
ഉദയനിധി 'മോസ്റ്റ് ഡേഞ്ചറസ്' എന്ന പരാമർശവും എം കെ സ്റ്റാലിൻ നടത്തി. എതിരാളികളെ സംബന്ധിച്ച് ഏറ്റവും അപകടകാരി ഉദയനിധി എന്നാണ് സ്റ്റാലിൻ പറഞ്ഞത്. തെരഞ്ഞെടുപ്പിൽ കൂടുതൽ യുവാക്കൾക്ക് സീറ്റ് നൽകാനും ഡിഎംകെ തീരുമാനിച്ചു. ഡിഎംകെയുടെ യുവജന വിഭാഗത്തിന്‍റെ വടക്കൻ മേഖലാ യോഗത്തിലാണ് എം കെ സ്റ്റാലിന്‍റെ പരാമർശം.
യുവാക്കളെ രംഗത്തിറക്കണമെന്ന ഉദയനിധിയുടെ അഭ്യർത്ഥന അംഗീകരിച്ചതായി സ്റ്റാലിൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ യൂത്ത് വിംഗ് നേതാക്കളെ മത്സരിപ്പിക്കും എന്നാണ് സ്റ്റാലിൻ പറഞ്ഞത്. ടിവികെ അധ്യക്ഷൻ വിജയ് യുവാക്കളെ ആകർഷിക്കുന്നതിനാൽ ആണ് ഡിഎംകെയുടെ ഈ തന്ത്രം എന്നാണ് വിലയിരുത്തൽ. ബിജെപി തമിഴ്നാടിനെ അവഗണിക്കുന്നു എന്ന പ്രചാരണം ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയതിനാൽ, ബിജെപി വിരുദ്ധത കൂടുതൽ ശക്തമായി ഉന്നയിച്ച് മുന്നോട്ടുപോവുക എന്ന തീരുമാനത്തിലാണ് സ്റ്റാലിൻ.
അടുത്തത് ബംഗാളും തമിഴ്നാടുമെന്ന് അമിത് ഷാ
ബിഹാർ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് അടുത്തത് ബംഗാളും തമിഴ്നാടുമെന്ന പരാമർശം സ്റ്റാലിന്‍റെ പേരെടുത്ത് പറഞ്ഞ് അമിത് ഷാ നടത്തിയത്. മധുരയിൽ നടന്ന ബിജെപിയുടെ പൊതുസമ്മേളനത്തിലാണ്, 2026ൽ ബംഗാളിലും തമിഴ്‌നാട്ടിലും ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ അവകാശവാദം ഉന്നയിച്ചത്. നാല് വർഷത്തെ ഭരണത്തിനിടെ അഴിമതിയുടെ എല്ലാ പരിധികളും ഡിഎംകെ ലംഘിച്ചു. കേന്ദ്ര സർക്കാർ നൽകിയ 450 കോടി രൂപയുടെ പോഷകാഹാര കിറ്റുകൾ ഒരു സ്വകാര്യ കമ്പനിക്ക് കൈമാറിയതിലൂടെ ഡിഎംകെ വലിയ അഴിമതി നടത്തി. ദരിദ്രർക്ക് ഭക്ഷണം നിഷേധിച്ച സർക്കാരാണ് സ്റ്റാലിന്റേതെന്നും അമിത് ഷാ പറഞ്ഞു.
"സ്റ്റാലിൻ സർക്കാർ നടത്തിയ അഴിമതിയുടെ നീണ്ട പട്ടിക എന്‍റെ പക്കലുണ്ട്. പക്ഷേ അവ ഓരോന്നും വിശദീകരിച്ച് സമയം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഡിഎംകെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 60 ശതമാനവും പാലിച്ചില്ല. മിസ്റ്റർ സ്റ്റാലിൻ, കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളിൽ എത്ര എണ്ണം പാലിച്ചെന്ന് ജനങ്ങളോട് പറയാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു" – അമിത് ഷാ പറഞ്ഞു.



