
ദില്ലി: തെരഞ്ഞെടുപ്പ് ജോലിക്കിടെ സൂര്യാഘാതം ഏറ്റ് മരിച്ച ഉദ്യോഗസ്ഥന്റെ ബന്ധുക്കൾക്ക് അപകടമരണത്തിനുള്ള ഇൻഷുറൻസ് തുക നൽകാനാകില്ലെന്ന് സുപ്രീംകോടതി. ഇൻഷുറൻസ് നയത്തിൽ അപകടമരണം എന്താണെന്ന് കൃത്യമായി നിർവചിച്ചിട്ടുണ്ട്. അതുപ്രകാരം സൂര്യാഘാതത്തെ അപകടമരണമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വിശദമാക്കി. ബീഹാറിൽ നിന്നുള്ള കേസിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ബുധനാഴ്ചയാണ് സുപ്രീം കോടതിയുടെ ഇന്‍ഷുറന്‍സ് പോളിസി വിവരം സംബന്ധിച്ച നിരീക്ഷണം.
2000 ലെ ബിഹാര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയാണ് കോണ്‍സ്റ്റബിള്‍ സൂര്യാഘാതമേറ്റ് മരിച്ചത്. വിധവയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന കീഴ്ക്കോടതി സുപ്രീം കോടതി റദ്ദാക്കി. അപകടമരണം എന്താണെന്ന് കൃത്യമായി ഇന്ഷുറന്‍സ് കമ്പനികള്‍ നിര്‍വ്വചിച്ചിട്ടുണ്ട്. പുറത്ത് നിന്നുള്ള ദൃശ്യമായ ആക്രമണങ്ങള്‍ മൂലമുള്ള മരണങ്ങളേയാണ് അപകടമരണങ്ങളെന്ന് കണക്കാക്കാന്‍ സാധിക്കൂവെന്നും കോടതി വ്യക്തമാക്കി. 2017 ലെ ഹൈക്കോടതി വിധിക്കെതിരെയാണ് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ് കെ കൌളും എ എശ് ഓകയും അടങ്ങിയ ബെഞ്ചിന്‍റേതാണ് തീരുമാനം.
വൈശാലി ജില്ലയിലെ ഒരു ബൂത്തിലായിരുന്നു കോണ്‍സ്റ്റബിളിന് ഡ്യൂട്ടി നല്‍കിയിരുന്നത്. 2000 ഫെബ്രുവരിയില്‍ ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് ചെയ്യാന്‍ ധാരണയായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന കാലത്തേക്ക് ഇന്‍ഷുറന്‍സ് പോളിസി നീട്ടിയിരുന്നു. അതിനാല്‍ ഇതിനെ സപ്ലിമെന്‍ററി പോളിസി ആയി മാത്രമാണ് കണക്കാക്കാന്‍ സാധിക്കുകയെന്നും കോടതി നിരീക്ഷിച്ചു.2008ല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോണ്‍സ്റ്റബിളിന്‍റെ വിധവ കത്ത് അയച്ചിരുന്നു. എന്നാല്‍ പുറത്ത് നിന്നുള്ള ആക്രമണത്തിലല്ല പൊലീസുകാരന്‍ മരിച്ചതെന്നും മറിച്ച് സൂര്യാഘാതം മൂലമാണെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും ലോകായുക്തയെ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിക്കുകയായിരുന്നു.
ഇതോടെയാണ് കോണ്‍സ്റ്റബിളിന്‍റെ വിധവ ഹൈക്കോടതിയെ സമീപിച്ചത്. 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഇത്. എന്നാല്‍ അപകടമരണമെന്ന വിഷയത്തില്‍ വ്യക്തത കുറവുള്ളതുകൊണ്ട് വിധവയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന നിരീക്ഷണം മാത്രമാണ് ഹൈക്കോടതി നടത്തിയത്. വിധവയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ജില്ലാ മജിസ്ട്രേറ്റിനും നല്‍കിയായിരുന്നു ഇത്. വിധവയ്ക്കും കുടുംബത്തിനും നഷ്ടപരിഹാരം നല്‍കിയെന്നും കോടതിയെ ഇലക്ടറല്‍ ഓഫീസര്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഏഴര വര്‍ഷത്തിന് ശേഷം ക്ലെയിം ആവശ്യപ്പെട്ട് വരുന്നതിലെ അസാധാരണത്വവും കോടതിയില്‍ ചോദ്യ ചിഹ്നമുയര്‍ത്തി.
'ബില്ലടക്കാത്ത കാരണത്താൽ ആശുപത്രികൾ രോഗികളെയോ മൃതദേഹങ്ങളോ തടഞ്ഞുവയ്ക്കരുത്'