
സൂറത്ത്: രാജ്യത്ത് ദേശാടന പക്ഷികൾക്ക് പ്രിയപ്പെട്ട സംസ്ഥാനം ഗുജറാത്തെന്ന് റിപ്പോർട്ട്. സംസ്ഥാന സർക്കാർ ചൊവ്വാഴ്ച പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ലോക വന്യ ജീവി സംരക്ഷണ ദിനത്തിന് മുന്നോടിയായാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2024ൽ 18 മുതൽ 20 ലക്ഷം വരെ ദേശാടന പക്ഷികളാണ് ഗുജറാത്തിലെത്തിയതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്.
ഥോൾ പക്ഷി സങ്കേതത്തിൽ 31380 ദേശാടന പക്ഷികളാണ് 2010ൽ എത്തിയത്. എന്നാൽ 2024ൽ 1.11 ലക്ഷം ദേശാടന പക്ഷികളിലേറെയാണ് ഇവിടേക്ക് എത്തിയത്. സമാനമായി നാൽ സരോവർ പക്ഷി സങ്കേതത്തിൽ 2010ൽ 1.31 ലക്ഷം ദേശാടന പക്ഷികളാണ് എത്തിയത്. 2024ൽ ഇത് 3.62 ലക്ഷമായി ഉയർന്നു. കഴിഞ്ഞ 14 വർഷങ്ങൾക്കിടയിൽ ഥോളിലും നാൽ സരോവറിലും 355 ശതമാനം മുതൽ 276 ശതമാനം വരെ പക്ഷികൾ അധികമായി എത്തിയിട്ടുണ്ട്. ഗുജറാത്ത് ദേശാടന കിളികളുടെ സ്വർഗമായി മാറിയെന്നാണ് സർക്കാർ പ്രസ്താവന അവകാശപ്പെടുന്നത്.
സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾ സംസ്ഥാനത്ത് വന്യ ജീവി സംരക്ഷണത്തിന് വലിയ പങ്കുവഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ലോക വന്യ ജീവി സംരക്ഷണ ദിനത്തോട് അനുബന്ധിച്ച് പുറത്ത് വന്ന റിപ്പോർട്ട്. 2023ലെ വന്യജീവി സെൻസസ് അനുസരിച്ച് 21 ഇനങ്ങളിലായി 9.53 ലക്ഷം ജീവികളാണ് ഗുജറാത്തിലുള്ളത്. മയിൽ, മാനുകൾ, കുരങ്ങുകൾ, പുള്ളിപ്പുലികൾ എന്നിവ ഉൾപ്പെടെയാണ് ഇത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം