
മുംബൈ: ഇടവേളയ്ക്ക് ശേഷം മുംബൈയിൽ വീണ്ടും കനത്ത മഴ. മഴയെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. റോഡ്-റയിൽ ഗതാഗതത്തെയും മഴ ബാധിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.
ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലെ പ്രധാന റണ്‍വേയില്‍ കാഴ്ചാതടസ്സം നേരിട്ടു. ഇതേ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ ഹൈദരാബാദിലേക്കും അഹമ്മദാബാദിലേക്കും വഴിതിരിച്ചുവിട്ടു. വിമാനസര്‍വീസുകള്‍ വൈകുമെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിക്കുന്നത്.
ലോക്കൽ ട്രെയിൻ സർവീസുകളെയും മഴ ബാധിച്ചിട്ടുണ്ട്. നഗരത്തിന്‍റെ പ്രധാന പാതയായ വെസ്റ്റേൺ ഹൈവെയിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. അന്ധേരിയിൽ മതിൽ തകർന്ന് വീണ് ഒരാൾക്ക് പരിക്കേറ്റു. നവിമുംബൈയിൽ വെള്ളക്കെട്ട് ജനജീവിതം ദുസ്സഹമാക്കി.ശക്തിയേറിയ തിരകൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച അഞ്ചു ദിവസം തുടർച്ചയായ പെയ്ത മഴ മഹാരാഷ്ട്രയില്‍ എങ്ങും കനത്ത നാശം വിതച്ചിരുന്നു. കൊങ്കണിലെ തിവാരെ അണക്കെട്ട് ദുരന്തത്തിൽ കാണാതായ നാലുപേർക്കായി ദേശീയ ദുരന്ത നിവാരണ സേന ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. ജൂൺ-ജൂലൈ മാസങ്ങളിലെ ശരാശരി മഴ മുംബൈ നഗരത്തില്‍ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam