
ചെന്നൈ: ഡിറ്റ്‍ വാ ചുഴലിക്കാറ്റിന്‍റെ സ്വാധീനം ഇന്ത്യൻ തീരത്തേക്ക്. തമിഴ്നാട്ടിലെ തീര ജില്ലകളിൽ കനത്ത മഴ പെയ്തു. രണ്ട് ജിലകളിൽ റെഡ് അലർട്ടും ചെന്നൈ അടക്കം ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. ചെന്നൈയിൽ നിന്നുള്ള 47 വിമാന സർവീസുകൾ റദ്ദാക്കി. നാഗപട്ടണം, മയിലാടുതുറൈ പ്രദേശങ്ങളിൽ വ്യാപക കൃഷി നാശമുണ്ടായി. തൂത്തുക്കൂടി വിമാനത്താവളത്തിന്‍റെ റൺവേയിൽ വെള്ളം കയറി. ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ശ്രീലങ്കയിൽ മരണം 200 കടന്നു.
തമിഴ്നാട്ടിൽ ഏതു സാഹചര്യത്തെയും നേരിടാൻ എസ്ഡിആർഎഫ്, എൻഡിആർഎഫ് ടീമുകൾ സജ്ജമാണ്. ഞായറാഴ്ച രാവിലെയോടെ തീരത്ത് നിന്ന് കുറഞ്ഞത് 50 കിലോമീറ്ററും വൈകുന്നേരത്തോടെ 25 കിലോമീറ്ററും അകലെയായിരിക്കും ചുഴലിക്കാറ്റ് എത്തുക. അതേസമയം പുതുച്ചേരി തീരത്തോട് അടുക്കുമ്പോഴേക്കും ഡിറ്റ് വാ ന്യൂനമർദം ആയേക്കും. വൈകീട്ടോടെ ചെന്നൈ തീരത്തിനു 25 കിലോമീറ്റർ അകലെ കൂടി കടന്നു പോകും.
ഡിറ്റ് വായുടെ പ്രഭാവത്തിൽ കടൽ പ്രക്ഷുബ്ധമാണ്. മത്സ്യബന്ധന ബോട്ടുകൾക്ക് ശക്തമായ തിരമാലകൾ വ്യാപക കേടുപാടുകൾ വരുത്തി. കടുത്ത കടൽക്ഷോഭം കാരണം സമീപത്തെ റോഡുകളുടെ ചില ഭാഗങ്ങളും തകർന്നു. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
പ്രളയക്കെടുതിയിൽ വലയുന്ന ശ്രീലങ്കയ്ക്ക് അകമഴിഞ്ഞ സഹായവുമായി ഇന്ത്യയെത്തി. വിവിധ ഇടങ്ങളിൽ കുടുങ്ങിയ നിരവധി പേരെ ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്ററുകൾ രക്ഷപ്പെടുത്തി. വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിന്നുള്ള ഹെലികോപ്റ്ററുകൾ ഉൾപ്പെടെ രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. ശ്രീലങ്കയിൽ സർവനാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റിൽ മരണം 200 കടന്നു. മഴ കുറയുന്നതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതർ. കൊളംബോയിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി ഇന്ത്യൻ ഹൈക്കമ്മീഷൻ വിമാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ ഡിറ്റ് വാ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ഇതോടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. ഡിസംബർ 16 വരെ സ്കൂളുകൾ അടച്ചിടും. കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്. 700 ലധികം വീടുകൾ തകർന്നതായാണ് കണക്കുകൾ. 774,000 പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. 100,000 പേരെ 798 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.