ദില്ലി: ദില്ലിയിൽ ഓൺലൈൻ ടാക്സി ഡ്രൈവറുടെ അക്കൗണ്ടിൽ കണ്ടെത്തിയത് 331 കോടി രൂപ. ബെറ്റിംഗ് ആപ്പ് കേസിൽ ദുരൂഹ ഇടപാട് കണ്ടെത്തി എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ്. ദില്ലിയിൽ റാപ്പിഡോ വാഹനമോടുന്ന യുവാവിന്റെ പേരിലുള്ള അക്കൗണ്ടിൽനിന്നാണ് 331 കോടി രൂപ കണ്ടെത്തിയത്. ഇയാളുടെ പേരിൽ എടുത്ത വ്യാജ അക്കൗണ്ടാണ് ഇത് എന്നാണ് കണ്ടെത്തൽ. അനധികൃതമായി എത്തിയ പണം വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് ഏജൻസി പറയുന്നത്. ഉദയ്പൂരിൽ അടുത്തിടെ നടന്ന ആഡംബര വിവാഹത്തിന് ഈ അക്കൗണ്ട് വഴി പണം ചിലവാക്കിയെന്നും ഇഡി വ്യക്തമാക്കി.
ദിവസേന 500-600 രൂപ മാത്രം സമ്പാദിക്കുന്ന, രണ്ട് മുറിവീട്ടിൽ താമസിക്കുന്ന ബൈക്ക്-ടാക്സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലൂടെ നടന്നത് 331.36 കോടി രൂപയുടെ ഇടപാടുകളാണെന്നും ഗുജറാത്തിലെ ഒരു യുവ രാഷ്ട്രീയക്കാരനിലേക്ക് അന്വേഷണം നീളുന്നുന്നുവെന്നാണ് വിവരം. 1xബെറ്റ് ഓൺലൈൻ വാതുവെപ്പ് ശൃംഖലയുമായി ബന്ധപ്പെട്ട സംശയാസ്പദമായ പണമിടപാടുകൾ ട്രാക്ക് ചെയ്യുന്നതിനിടയിലാണ് റാപ്പിഡോ ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയ കോടികൾ ഇഡിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. എന്നാൽ ചോദ്യം ചെയ്യലിൽ തനിക്ക് അക്കൗണ്ടിനെക്കുറിച്ചോ, നിക്ഷേപിച്ച പണത്തെക്കുറിച്ചോ അറിയില്ലെന്നാണ് ഇയാളുടെ മൊഴി.
2024 ഓഗസ്റ്റ് 19 നും 2025 ഏപ്രിൽ 16 നും ഇടയിലാണ് റാപ്പിഡോ ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്ക് 331.36 കോടി രൂപ ലഭിച്ചത്. ഇത് മ്യൂൾ അക്കൗണ്ട് തട്ടിപ്പാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമാണെന്ന് ഇഡി സംശയിക്കുന്നുണ്ട്. സംഭവത്തിൽ ഇഡിയും മറ്റ് ഏജൻസികളും വിശദമായ അന്വേഷണം ആരംഭിച്ചു.