Latest Videos

കനത്തമഴയിൽ ജലനിരപ്പ് കുതിച്ചുയർന്നു, മുല്ലപ്പെരിയാർ തുറക്കാൻ തീരുമാനം; പെരിയാർ തീരത്ത് ജാഗ്രത നിർദേശം

By Web TeamFirst Published Dec 18, 2023, 4:07 PM IST
Highlights

നാളെ രാവിലെ 10 മണിക്ക് ഷട്ടർ തുറക്കുമെന്നാണ് അറിയിപ്പ്. സെക്കന്റിൽ 10000 ഘനയടി വെള്ളം വരെ തുറന്നു വിടാൻ സാധ്യത

ഇടുക്കി: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ രാവിലെ പത്തു മണിയോടെ തുറക്കാൻ തീരുമാനം. സെക്കന്‍റിൽ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നുവിടുമെന്നാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് പെരിയാർ തീരത്തുളളവർക്ക് ജില്ല ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം പെരിയാറിൽ വെളളം കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അറിയിച്ചിട്ടുണ്ട്. 138 അടക്കു മുകളിലാണ് അണക്കെട്ടിലെ ജലനിരപ്പ്. 1867 ഘനയടി തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. സെക്കന്‍റിൽ 12200 ഘനയടിയോളം വെള്ളമാണ് ഇപ്പോൾ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ജലനിരപ്പ് 142 അടിയിലേക്കെത്തിയാണ് 2000 ഘനയടി തമിഴ്നാട്ടിലേക്കും ബാക്കി വരുന്നത്  കേരളത്തിലേക്കും തുറന്നു വിടാനാണ് തമിഴ്നാടിന്‍റെ തീരുമാനം. കേരളത്തിൽ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്തോട് ചേർന്നുള്ള തമിഴ്നാട് മേഖലയിൽ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം.

ഇന്ന് രാവിലെ തന്നെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.50 അടിയായി ഉയർന്നിരുന്നു. 142 അടിയാണ് പരമാവധി സംഭരണ ശേഷി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് വലിയ തോതിലാണ് ഉയരുന്നത്. ഏറ്റവും ഒടുവിൽ ലഭിച്ച വിവരപ്രകാരം വൈകിട്ട് 4 മണിയോടെ മുല്ലപ്പെരിയാർ ജലനിരപ്പ് 138 അടിയായിട്ടുണ്ട്. ഇതോടെ ഡാം തുറക്കാനുള്ള രണ്ടാമത്തെ മുന്നറിയിപ്പും തമിഴ്നാട് നൽകി.

പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസും; കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ബഹുജന മാർച്ച് പ്രഖ്യാപിച്ചു

തെക്കൻ തമിഴ്നാടിനെ മുക്കി അതിതീവ്ര മഴ

തെക്കൻ തമിഴ്നാട്ടിലടക്കം അതിതീവ്ര മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെളളത്തിൽ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായിട്ടുണ്ട്. തിരുനെൽവേലി, തൂത്തുക്കൂടി, കന്യാകുമാരി, തെങ്കാശി ജില്ലകളിൽ റെക്കോർഡ് മഴയാണ് ഇതുവരെ ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കനത്ത മഴ ഇടതടവില്ലാതെ തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിലും ബാങ്കുകൾക്ക് അടക്കം പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ എട്ട് എൻ ഡി ആർ എഫ് യുണിറ്റുകളെയും ആയിരത്തിലേറെ ഫയർ ഫോഴ്സ് ജീവനക്കാരെയും ഈ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. തൂത്തുക്കുടിയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങളും വന്ദേഭാരത് അടക്കം 20 ട്രെയിനുകളും റദ്ദാക്കി. 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തമിഴ്നാട്ടിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത  24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. മാഞ്ചോലൈ മലയിലേക്കുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തി.  താഴ്ന്ന പ്രദേശങ്ങളിലുളളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകരം മന്ത്രിമാർ ജില്ലകളിലെത്തി ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!