
ബെംഗളൂരു: ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷം. 24 പേർ മരിച്ചു. തെലങ്കാനയിൽ അച്ഛനും മകളും മറ്റൊരു കുടുംബത്തിലെ അമ്മയും മകളും ദമ്പതികളും അടക്കം 9 മരണം 9 പേരും ആന്ധ്രയിൽ 15 പേരുമാണ് മരിച്ചത്. കനത്ത മഴയില്‍ വിജയവാഡ നഗരം ഒറ്റപ്പെട്ടു. നഗരത്തിലേക്കുള്ള റെയിൽ, റോഡ് ഗതാഗതം പൂർണമായി നിലച്ചു. റെയിൽവേ ട്രാക്കുകളിലും റോഡുകളിലും വെള്ളം കയറി. ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് തെലങ്കാനയിലും ആന്ധ്രയിലും സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഹൈദരാബാദ് നഗരത്തിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഐടി കമ്പനികളോടും കോർപ്പറേറ്റ് സ്ഥാപനങ്ങളോടും പൊലീസ് നിർദേശം നൽകി.
കാർ വെള്ളപ്പാച്ചിലിൽപ്പെട്ടാണ് യുവശാസ്ത്രജ്ഞ അശ്വിനി നുനാവത് (27), അച്ഛൻ മോത്തിലാൽ നുനാവത് (50) എന്നിവർ മരിച്ചത്. മെഹബൂബാബാദിലെ അകേരു മാഗു എന്ന പുഴയ്ക്ക് കുറുകെയുള്ള പാലത്തിന് മുകളിലൂടെ വെള്ളം കയറിയിരുന്നു. ഇത് വഴി കടന്ന് പോവുകയായിരുന്ന അശ്വിനിയുടെ കാർ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോവുകയായിരുന്നു. ബെംഗളൂരുവിലേക്ക് ഫ്ലൈറ്റ് മാർഗം പോകാനായി ഹൈദരാബാദിലേക്ക് പോവുകയായിരുന്നു ഇവർ. ഈ വർഷം ICAR - ന്‍റെ മികച്ച യുവശാസ്ത്രജ്ഞരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് അശ്വിനി. നദിക്കരയിലെ ഒരു മരത്തിന്‍റെ കൊമ്പിൽ കുരുങ്ങിയ നിലയിലാണ് അശ്വിനിയുടെ മൃതദേഹം കിട്ടിയത്. തെലങ്കാന നാരായൺ പേട്ടിലെ എക്കമേടുവിൽ വീടിന്‍റെ ചുമരിടിഞ്ഞ് വീണാണ് അമ്മയും മകളും മരിച്ചത്. കർഷകത്തൊഴിലാളികളായ ഹരിജന ഹനുമമ്മ (65), അഞ്ജലുമ്മ (42) എന്നിവരാണ് മരിച്ചത്.
അതേസമയം, പലേറിൽ ഹെലികോപ്റ്റർ വഴി കുട്ടിയെ രക്ഷിച്ചു, അമ്മയും അച്ഛനും മരിച്ചു. കുട്ടികളെ ആദ്യം എയർലിഫ്റ്റ് ചെയ്ത് പിന്നീട് മുതിർന്നവരെ എയർ ലിഫ്റ്റ് ചെയ്യാനായിരുന്നു തീരുമാനം. വ്യോമസേനയുടെ ഹെലികോപ്റ്റർ തിരിച്ചെത്തിയപ്പോഴേക്ക് വീട് പൂർണമായും വെള്ളത്തിലേക്ക് തകർന്ന് വീണിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam