
ചെന്നൈ: തമിഴ്നാട്ടിലെ വൻ വിജയത്തിന് പിന്നാലെ ടിവികെ നേതാവും നടനുമായ വിജയ്ക്ക് നൽകിയ പൊലീസിന്റെ പ്രത്യേക വാഹനവ്യൂഹം പിൻവലിച്ചു. ഫലം പ്രഖ്യാപിച്ച രാത്രിയാണ് വിജയ്ക്ക് കോൺവോയ് ക്രമീകരണം ഏർപ്പെടുത്തിയത്. നടപടി വിജയുടെ അഭ്യർത്ഥനപ്രകാരം എന്ന് പൊലീസ് വൃത്തങ്ങൾ വിശദമാക്കുന്നത്. മുഖ്യമന്ത്രി ആയി ചുമതല ഏറ്റെടുത്ത ശേഷം കോൺവോയ് മതിയെന്ന് വിജയ് പറഞ്ഞതായാണ് പൊലീസ് വൃത്തങ്ങൾ വിശദമാക്കുന്നത്. അതേസമയം രാത്രി വൈകിയും തമിഴ്നാട്ടിൽ നാടകീയ നീക്കങ്ങൾ പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് ടിവികെ-കോൺഗ്രസ് സഖ്യത്തിനെതിരെ കൈകോർക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ഒരുങ്ങുന്നതായി സൂചനകൾ വന്നതിന് പിന്നാലെ എഐഎഡിഎംകെ എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റി. ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ സഖ്യ ചർച്ചകൾ തുടങ്ങിയതായാണ് വിവരം. ഇരു പാർട്ടികളുടെയും നേതാക്കൾ പരസ്പരം ബന്ധപ്പെട്ടു. ദ്രാവിഡ പാർട്ടികളുടെ ബദൽ അവതരിപ്പിച്ച് ടിവികെയെ അകറ്റി നിർത്തുകയെന്ന ലക്ഷ്യമാണ് ഇരു പാർട്ടികളുടെയും മുന്നിലുള്ളത്.
എംഎൽഎമാർ മറുപക്ഷത്തേക്ക് കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ നേതൃത്വം അവരെ പുതുച്ചേരിയിലേക്ക് മാറ്റിയത്. ബുധനാഴ്ച രാത്രിയോടെയാണ് ചെന്നൈയിൽ നിന്ന് സ്വകാര്യ ബസുകളിൽ എംഎൽഎമാരെ പുതുച്ചേരിയിലേക്ക് കൊണ്ടുപോയത്. മുതിർന്ന നേതാക്കളുടെ മേൽനോട്ടത്തിലാണ് ഈ നീക്കം നടന്നത്. എംഎൽഎമാർ ആരുമായും ബന്ധപ്പെടാതിരിക്കാൻ കർശന നിയന്ത്രണങ്ങളാണ് റിസോർട്ടിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam