Latest Videos

ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറൻ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; അധികാരമേൽക്കുക 12 അംഗ മന്ത്രിസഭ

By Web TeamFirst Published Dec 29, 2019, 6:25 AM IST
Highlights

ജെഎംഎമ്മിന് മുഖ്യമന്ത്രി കൂടാതെ അഞ്ചുമന്ത്രിമാരുണ്ടാകും. കോണ്‍ഗ്രസ്സിന് അഞ്ചുമന്ത്രിമാരും സ്പീക്കറും. ഇതില്‍ ഉപമുഖ്യമന്ത്രി പദവും കോണ്‍ഗ്രസ്സ് കിട്ടിയേക്കും.

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള 12 അംഗ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. റാഞ്ചി മൊറാബാദ് മൈതാനിയില്‍ നടക്കുന്ന ചടങ്ങിലേക്ക്, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, രാഹുല്‍ ഗാന്ധി, ശരത്പവാര്‍ തുടങ്ങിയ നേതാക്കളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സോണിയാ ഗാന്ധിയടക്കമുള്ള രാജ്യത്തെ പ്രമുഖരായ കോണ്‍ഗ്രസ്സ് നേതാക്കളെ സത്യപ്രതി‍‍‍‍‍‍‍ജ്‍ഞാ ചടങ്ങിലേക്ക് ഹേമന്ത് സോറന്‍ ക്ഷണിച്ചിട്ടുണ്ട്. ആരൊക്കെ എത്തിച്ചേരും എന്ന കാര്യത്തില്‍ അന്തിമ വിവരം ജെഎംഎം പുറത്തുവിട്ടിട്ടില്ല. ബിജെപിയുടെ കയ്യില്‍ നിന്ന് ഭരണം തിരിച്ചുപിടിച്ച മഹാസഖ്യ സര്‍ക്കാരിന് ആശംസകള്‍ നേരാന്‍ പരമാവധി നേതാക്കളെത്തുമെന്ന പ്രതീക്ഷയിലാണ് ഹേമന്ത് സോറനും ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ്സ് നേതാക്കളും. 

മുഖ്യമന്ത്രി ഹേമന്ത് സോറനടക്കം 12 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുക. ജെഎംഎമ്മിന് മുഖ്യമന്ത്രി കൂടാതെ അഞ്ചുമന്ത്രിമാരുണ്ടാകും. കോണ്‍ഗ്രസ്സിന് അഞ്ചുമന്ത്രിമാരും സ്പീക്കറും. ഇതില്‍ ഉപമുഖ്യമന്ത്രി പദവും കോണ്‍ഗ്രസ്സ് കിട്ടിയേക്കും. ഒരു സീറ്റ് നേടിയ ആര്‍ജെഡിക്കും മന്ത്രിസ്ഥാനം കിട്ടും. ജെഎംഎമ്മിന് മുപ്പതും കോണ്‍ഗ്രസ്സിന് 16 ഉം അടക്കം 47 സീറ്റുകളാണ് മഹാസഖ്യത്തിന് കിട്ടിയത്. മൂന്ന് സീറ്റുകള്‍ നേടിയ ജെവിഎം മഹാസഖ്യത്തിന് പിന്തുണ നല്‍കിയതോടെ സര്‍ക്കാരിന് 50 അംഗങ്ങളുടെ പിന്തുണയുണ്ട്. 2014 ല്‍ 37 സീറ്റുകള്‍ നേടിയ ബിജെപിക്ക് 25 സീറ്റുകളാണ് കിട്ടിയത്. മുഖ്യമന്ത്രി രഘുബര്‍ ദാസ് അടക്കമുള്ള പ്രമുഖരായ നിരവധി ബിജെപി നേതാക്കള്‍ ഇത്തവണ ജാര്‍ഖണ്ഡില്‍ തോറ്റിരുന്നു.

click me!