
ബംഗ്ലൂരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോലാറിൽ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചെങ്കിലും മുതിർന്ന നേതാവ് സിദ്ധരാമയ്യയുടെ മണ്ഡലം സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് ഇനിയും തീരുമാനമെടുത്തിട്ടില്ല. ഹൈക്കമാന്റിനെ മറികടന്നുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുമപ്പുറം ആഭ്യന്തര സർവേയും കോലാറിൽ സിദ്ധരാമക്ക് അനുകൂലമല്ലെന്നതാണ് പ്രഖ്യാപനം നീളുന്നതിന് പ്രധാന കാരണം.
കോലാറിലെ നിലവിലെ ജെഡിഎസ് എംഎൽഎ ശ്രീനിവാസ ഗൗഡ കോൺഗ്രസ് അനുകൂല പ്രസ്താവനകളുമായി തന്റെ നിലപാട് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഗൗഡ കോൺഗ്രസിൽ ചേരുമെന്ന് ഉറപ്പാണ്. ഇതെല്ലാം മുൻകൂട്ടിക്കണ്ടാണ് സിദ്ധരാമയ്യ കോലാറിൽ നിന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെന്ന് വ്യക്തമാണ്. എന്നാൽ സിദ്ധരാമയ്യ കോലാറിൽ നിന്ന് മത്സരിച്ചാൽ ജയിച്ചേക്കില്ലെന്നാണ് പാർട്ടി നടത്തിയ ആഭ്യന്തര സർവേയിൽ നിന്നും വ്യക്തമാകുന്നത്. ഇതോടെയാണ് തൽക്കാലം കോലാറിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം നീട്ടിയത്.
ഇന്നലെ ദില്ലിയിൽ ചേർന്ന കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം, കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ സ്ഥാനാർഥി പട്ടികയ്ക്ക് യോഗം അംഗീകാരം നൽകിയിട്ടുണ്ട്. തന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഹൈക്കമാൻഡ് തീരുമാനം എടുത്തിട്ടില്ലെന്ന് സ്ഥിരീകരിച്ച സിദ്ധരാമയ്യ, ഹൈക്കമാൻഡ് പറയുന്നത് പോലെ അനുസരിക്കുമെന്നും വ്യക്തമാക്കി. കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇത്തവണ ആരുമായും സഖ്യത്തിനില്ല. പോരാട്ടം ഒറ്റക്കായിരിക്കുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ വ്യക്തമാക്കിക്കഴിഞ്ഞു.
വൈദേകം റിസോര്‍ട്ടിനെതിരായ അന്വേഷണം തുടരാന്‍ വിജിലന്‍സ്, വിദഗ്ധ സംഘത്തെ രൂപീകരിക്കും