
ചെന്നൈ: സ്ത്രീവിരുദ്ധ പരാമർശത്തിലും വിദ്വേഷ പ്രസംഗത്തിലും തമിഴ്നാട്ടിലെ മുതിർന്ന ബിജെപി നേതാവ് എച്ച്. രാജയ്ക്ക് ആശ്വാസം. വിചാരണക്കോടതി വിധിച്ച ആറുമാസം തടവുശിക്ഷ മദ്രാസ് ഹൈക്കോടതി പൂർണ്ണമായും റദ്ദാക്കി. ശിക്ഷാവിധിക്കെതിരെ രാജ സമർപ്പിച്ച അപ്പീൽ ഹർജിയിൽ ജസ്റ്റിസ് ലക്ഷ്മി നാരായണന്റേതാണ് ഉത്തരവ്.
മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയെയും മകൾ കനിമൊഴി എംപിയെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള അധിക്ഷേപ ട്വീറ്റ്, സാമൂഹിക പരിഷ്കർത്താവ് പെരിയാറിന്റെ പ്രതിമ തകർത്തത് ന്യായീകരിച്ചുകൊണ്ടുള്ള പ്രതികരണവുമായി ബന്ധപ്പെട്ടതായിരുന്നു കേസ്. രണ്ട് എഫ്ഐആറുകൾ ഒറ്റക്കേസായി പരിഗണിച്ചായിരുന്നു 2024 ഡിസംബറിൽ വിചാരണക്കോടതി രാജയ്ക്ക് ആറുമാസം തടവുശിക്ഷ വിധിച്ചത്. കേസിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് രണ്ടുതവണ രാജ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഉത്തരവ് രാജയ്ക്ക് അനുകൂലമായിരുന്നില്ല.
രാജയുടെ ട്വീറ്റുകൾ വിദ്വേഷ പരാമർശത്തിന്റെ പരിധിയിൽ വരുമെന്നും രാഷ്ട്രീയ നേതാക്കൾ സംസാരിക്കുമ്പോൾ ലക്ഷ്മണരേഖ കടക്കരുതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് എഫ്ഐആറുകൾ റദ്ദാക്കാനുള്ള അപേക്ഷ തള്ളിയത്. എന്നാൽ, രാജ നടത്തിയ ട്വീറ്റുകൾ മൂലം സമൂഹത്തിൽ യാതൊരുവിധ ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് ലക്ഷ്മി നാരായണൻ ഇപ്പോൾ വിചാരണക്കോടതി വിധി റദ്ദാക്കി ഉത്തരവിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam