സിന്ദൂരം തൊടാന്‍ വിസമ്മതിച്ച ഭാര്യയില്‍ നിന്ന് ഭര്‍ത്താവിന് വിവാഹമോചനം നല്‍കി ഹൈക്കോടതി

By Web TeamFirst Published Jun 30, 2020, 11:37 AM IST
Highlights

കുടുംബ കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതി ഇയാള്‍ക്ക് വിവാഹമോചനം അനുവദിക്കുകയായിരുന്നു...
 

ഹുവാഹത്തി: ഹിന്ദു ആചാരപ്രകാരമുള്ള സിന്ദൂരം തൊടാനും വള ധരിക്കാനും ഭാര്യ വിസമ്മതിച്ചതിന്റെ പേരില്‍ യുവാവിന് വിവാഹമോചനം അനുവദിച്ച് ഹുവാഹത്തി ഹൈക്കോടതി. സിന്ദൂരം തൊടാത്ത ഭാര്യയ്‌ക്കെതിരെ ഇയാള്‍ കുടുംബ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഭാര്യയുടെ പ്രവര്‍ത്തി ഭര്‍ത്താവിനെതിരല്ലെന്ന് ചൂണ്ടിക്കാട്ടി ഇയാളുടെ ആവശ്യം കുടുംബ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. കുടുംബ കോടതിയുടെ വിധി റദ്ദാക്കിയ ഹൈക്കോടതി ഇയാള്‍ക്ക് വിവാഹമോചനം അനുവദിക്കുകയായിരുന്നു. 

'' സിന്ദൂരവും ആചാരപ്രകാരമുള്ള വളയും ധരിക്കാന്‍ തയ്യാറാകാതിരിക്കുന്ന ഭാര്യ, യുവാവുമൊത്ത് വിവാഹ ജീവിതം നയിക്കാനുള്ള താത്പര്യക്കുറവാണ് വ്യക്തമാക്കുന്നത്'' എന്ന് വിധി ന്യായത്തില്‍ കുറിച്ചു. ജൂണ്‍ 19നാണ് കോടതി വിധി പ്രസ്താവിച്ചത്. 2012 ഫെബ്രുവരി 17നാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ അധികം വൈകാതെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുകയും ഭര്‍ത്തൃവീട്ടുകാര്‍ക്കൊപ്പം താമസിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തു.

2013 ജൂണ്‍ 30 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. പിന്നീട് ഇവര്‍ ഭര്‍ത്താവിനും ഭര്‍ത്തൃവീട്ടുകാര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി. ഗാര്‍ഹിക പീഡനം ആരോപിച്ചായിരുന്നു പരാതി. എന്നാല്‍ ഈ പരാതി നിലനിന്നില്ല. തന്റെ കുടുംബത്തിനും പ്രായമായ മാതാവിനും വേണ്ട കാര്യങ്ങള്‍ ചെയ്ത് നല്‍കുന്നതില്‍ നിന്ന് ഭര്‍ത്താവിനെ പിന്തിരിപ്പിക്കാന്‍ ഭാര്യ ശ്രമിച്ചിരുന്നതായും എന്നാല്‍ ഇത് കുടുംബകോടതി പരിഗണിച്ചില്ലെന്നും വിധി പ്രഖ്യാപിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു. 

click me!