
ദില്ലി: ഇന്ത്യയിലെ പമ്പുകളില്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില റെക്കോഡ് ഭേദിച്ചതോടെ അയല്‍ രാജ്യങ്ങളില്‍ നിന്നും കരമാര്‍ഗ്ഗം പെട്രോളിയം ഉത്പന്നങ്ങള്‍ കള്ളക്കടത്ത് നടത്തുന്നത് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. നേപ്പാള്‍ പൊലീസിന്റ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വാരം 1,360 ലിറ്റര്‍ ഡീസലുമായി ഒരു ടാങ്കര്‍ ഇന്ത്യയിലേക്ക് അനധികൃതമായി കടന്നതായി പറയുന്നു. ഇത്തരത്തില്‍ നിരവധി കടത്തുകള്‍ നടക്കുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില ലിറ്ററിന് 100 എന്ന നിലയിലായിരിക്കുകയാണ്. ഗ്ലോബല്‍ പെട്രോള്‍ പ്രൈസ്.കോം റിപ്പോര്‍ട്ട് പ്രകാരം ദക്ഷിണേഷ്യയില്‍ ഏറ്റവും ഇന്ധന വിലയുള്ള രാജ്യം ഇപ്പോള്‍ ഇന്ത്യയാണ്. ആഗോള രാജ്യങ്ങളിലെ ഇന്ധന വില ക്രോഡീകരിക്കുന്ന സൈറ്റാണ് ഇത്. ഈ വന്‍ വിലക്കയറ്റം തന്നെയാണ് നേപ്പാളില്‍ നിന്നും മറ്റും പെട്രോളിയം ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് അനധികൃതമായി കടത്താന്‍ ഇടവരുത്തുന്നത്.
അതിർത്തി സ്ഥലങ്ങളിലെ ജനങ്ങൾ നേപ്പാളിൽ പോയി ഇന്ധനം കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൂട്ടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ത്യയിൽ പെട്രോൾ ലിറ്ററിന് നൂറുരൂപയിലേക്ക് അടുക്കുകയാണ്. ചിലിയിടങ്ങളിൽ നൂറ് കടക്കുകയും ചെയ്തു. അതേ സമയം നേപ്പാളിൽ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ്.
ഇരുചക്രവാഹനങ്ങളിലും സൈക്കിളിലും നേപ്പാളിലേക്ക് പോയി അവിടെ നിന്നും വലിയ കന്നാസുകളിൽ പെട്രോൾ വാങ്ങി ഇന്ത്യയിലേക്ക് വരുന്ന ഗ്രാമീണർ ഇപ്പോൾ പതിവ് കാഴ്ചയാണ്. ഇരുരാജ്യങ്ങൾക്കുമിടയിൽ നിയന്ത്രണങ്ങൾ കുറവായതിനാൽ യാത്രാവിലക്കുമില്ല. ഇതോടെയാണ് ഇന്ധനവിലയിൽ നിന്നും രക്ഷതേടാൻ ചിലർ രാജ്യം കടക്കുന്നത്. കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൊണ്ടുവരുന്ന നേപ്പാൾ ഇന്ധനം ലാഭത്തിൽ ഇന്ത്യയിൽ മറിച്ച് വിൽക്കുന്നതും ഇപ്പോൾ പതിവ് കാഴ്ചയാണ് എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബിഹാറിലെ അഡാപ്പൂരില്‍ പെട്രോള്‍ പമ്പ് നടത്തുന്ന രവി ഭാരതിയുടെ അനുഭവത്തില്‍, നേപ്പാളില്‍ നിന്നുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ കടത്ത് സാധാരണമായിട്ടുണ്ടെന്നാണ് പറയുന്നത്. നികുതിയിലെ വ്യത്യാസത്താല്‍ നേപ്പാളില്‍ ചെറിയ വിലയ്ക്ക് പെട്രോള്‍ ഡീസല്‍ കിട്ടും, അതിനാല്‍ തന്നെ ജനങ്ങള്‍ അവിടെ പോയി വാങ്ങുന്നു - ഇദ്ദേഹം പറയുന്നു. അഡാപ്പൂരില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് നേപ്പാള്‍. തങ്ങളുടെ കച്ചവടത്തെ വിലവര്‍ദ്ധനവ് കാര്യമായി ബാധിച്ചുവെന്നും അതിര്‍ത്തിയിലെ ഈ പെട്രോള്‍ പമ്പ് ഉടമ സാക്ഷ്യപ്പെടുത്തുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു.
മുന്‍പ് തന്‍റെ പമ്പില്‍ 1800 ലിറ്റര്‍ ഒക്കെയാണ് ദിവസം വിറ്റിരുന്നത്. ഇതിപ്പോള്‍ കുറഞ്ഞ് 1200 ലേക്ക് എത്തുന്നു. നേപ്പാളില്‍ നിന്നും എത്തുന്ന പെട്രോള്‍ പാത അരികില്‍ വഴിയോര കച്ചവടം പോലെ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്ന കാഴ്ച ഇപ്പോള്‍ സര്‍വ്വസാധാരണമാണ്- അതിര്‍ത്തിയിലെ പെട്രോള്‍ പമ്പ് ഉടമ പറയുന്നു.
അതേ സമയം ഇന്ത്യയാണ് നേപ്പാളിന് വേണ്ട പെട്രോളിയം ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും കയറ്റുമതി ചെയ്യുന്നത്. ഒപ്പം തന്നെ ശ്രീലങ്ക, ബംഗ്ലദേശ് എന്നിവിടങ്ങളിലും എത്തുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ സിംഹഭാഗം ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നതാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam