അതിർത്തിയിൽ സൈന്യത്തെ സജ്ജമാക്കി ഇന്ത്യ; ദില്ലിയിൽ നിർണായക കൂടിക്കാഴ്ചകൾ

By Web TeamFirst Published Feb 27, 2019, 11:11 AM IST
Highlights

 കര, വ്യോമ, നാവിക സേനാ മേധാവിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ഐബി, റോ തലവന്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 

ദില്ലി: അതിർത്തിയിൽ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ദില്ലയില്‍ പ്രതിരോധ മന്ത്രിയുടെയും ആഭ്യന്ത്രമന്ത്രിയുടെയും നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. നിര്‍മ്മലാ സീതാരാമനുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ രാജ്‍നാഥ് സിംഗിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം തുടരുകയാണ്. കര, വ്യോമ, നാവിക സേനാ മേധാവിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ഐബി, റോ തലവന്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 

അതിർത്തിയിൽ സേനാവിന്യാസം എങ്ങനെ വേണം, എന്തെങ്കിലും പ്രകോപനമുണ്ടായാൽ എങ്ങനെ സൈന്യത്തെ സജ്ജമാക്കണം എന്ന കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം. ആവശ്യമുള്ള ആയുധങ്ങളും സേനാസന്നാഹങ്ങളും സൈന്യത്തിന് എത്തിക്കാനും തീരുമാനമായിട്ടുണ്ട്.

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ജയ്ഷ് ഇ മുഹമ്മദ് ഭീകരവാദികളെ വധിച്ചു. ഷോപ്പിയാനിലെ മീമന്ദർ മേഖലയിൽ ഭീകരവാദികൾ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടർന്നാണ് സുരക്ഷാ സേന ഇവിടെ തെരച്ചിൽ നടത്തിയത്. പഞ്ചാബ്, ഹരിയാന അതിർത്തിപ്രദേശങ്ങളിൽ സൈന്യം കനത്ത ജാഗ്രതയിലാണ്. ഇന്നലെ രാജസ്ഥാനിലെ അതിർത്തിപ്രദേശത്ത് കണ്ട പാകിസ്ഥാനി ഡ്രോൺ ഇന്ത്യ വെടിവച്ചിട്ടിരുന്നു.

അതേസമയം അതിർത്തിയിൽ ഗ്രാമീണരെ മറയാക്കി പാകിസ്ഥാൻ മോർട്ടാർ ഷെല്ലാക്രമണം നടത്തുകയാണ്. ഉറി, പൂഞ്ച്, രജൗരി അടക്കമുള്ള മേഖലകളിലും വലിയ രീതിയിൽ ആക്രമണമുണ്ടായി. അതിർത്തിയിലെ പാക് സൈനികപോസ്റ്റ് ഇന്ത്യ ആക്രമിച്ച് തകർത്ത് തിരിച്ചടിച്ചു. ജനവാസമേഖലയിലേക്ക് ഏറ്റുമുട്ടലിന്‍റെ ആഘാതമുണ്ടാകാതിരിക്കാൻ ഇന്ത്യൻ സൈന്യം ശ്രദ്ധിക്കുന്നുണ്ട്. രജൗരിയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചില ഗ്രാമങ്ങൾ സൈന്യം ഒഴിപ്പിച്ചിട്ടുമുണ്ട്.

click me!