
ദില്ലി: അതിര്‍ത്തിക്കപ്പുറം പാകിസ്ഥാനില്‍ പ്രവര്‍ത്തിച്ചിരുന്ന ഭീകരക്യാമ്പുകള്‍ തകര്‍ത്ത വ്യോമസേന ദൗത്യത്തിന് പിന്നില്‍ മലയാളിയുടെ സാന്നിധ്യം. അതിര്‍ത്തി കടന്നുള്ള ആക്രമണ പദ്ധതി ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പിലാക്കിയ പടിഞ്ഞാറന്‍ എയര്‍ കമാന്‍ഡിന് നേതൃത്വം നല്‍കുന്നത് ചെങ്ങന്നൂര്‍ സ്വദേശിയായ എയര്‍ മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാര്‍.ചെങ്ങന്നൂര്‍ പാണ്ടനാട് വന്മഴി സ്വദേശിയാണ് ഇദ്ദേഹം.പാകിസ്താനുമായുള്ള ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ വ്യോമസുരക്ഷാ ചുമതല ഡല്‍ഹി ആസ്ഥാനമായുള്ള കമാന്‍ഡിനാണ്.
2017 ജനുവരി ഒന്നിനാണ് വെസ്‌റ്റേണ്‍ എയര്‍ കമാന്‍ഡ് തലവനായി ഹരികുമാര്‍ എത്തുന്നത്. വ്യോമസേനയുടെ പല പ്രധാനപ്പെട്ട ഓപ്പറേഷനുകളിലും പങ്കാളിയായിട്ടുണ്ട് ഇദ്ദേഹം. 1979 ഡിസംബര്‍ 14നാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ സ്ട്രീമില്‍ പങ്കാളിയായത്. 3300 മണിക്കൂറുകള്‍ പറന്നാണ് ഹരികുമാര്‍ ഫ്‌ളൈയിംഗ് ഇന്‍സ്ട്രക്ടറായി യോഗ്യത നേടിയത്. മിഗ്-21 യുദ്ധവിമാനത്തിന്റെ നേതൃത്വവും, ആദ്യ നിര യുദ്ധവിമാനങ്ങളുടെ നേതൃത്വവും, യുദ്ധവിമാന പരിശീലന വിഭാഗത്തിന്റെ സൗത്ത് -വെസ്റ്റ് എയര്‍ കമാന്‍ഡാവുകയും ചെയ്തിട്ടുണ്ട്.
കൂടാതെ ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫുമായിരുന്നു ഹരികുമാര്‍. ഹരികുമാറിന് നിരവധി സൈനിക പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2018 ജനുവരിയില്‍ സമാധാന കാലത്തെ മികച്ച സേവനത്തിനുള്ള പരം വിശിഷ്ട സേവാ മെഡലും , 2016 ജനുവരിയില്‍ അധി വിശ്ഷ്ട സേവാ മെഡലും , 2015 ജനുവരിയില്‍ വിശിഷ്ട സേവാ മെഡലും, വായു സേന മെഡല്‍ 2011 ലും ലഭിച്ചിട്ടുണ്ട്.
പുല്‍വാമയില്‍ ഫെബ്രുവരി 14ന് ഭീകരാക്രമണത്തില്‍ 46 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട അന്നുമുതല്‍ ഇന്ത്യ തിരിച്ചടി ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നു. തിരിച്ചടിക്ക് പിന്നിലുള്ള ആസൂത്രണം 200 മണിക്കൂറുകളില്‍ പൂര്‍ത്തിയാക്കി. 21 മിനുട്ട് നീളമുള്ള ഒരു മിന്നല്‍ ആക്രമണമാണ് പ്ലാന്‍ ചെയ്തത്. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്. ധനോവയുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം വ്യോമ മിസൈലാക്രമണം നടത്താന്‍ കെല്‍പുള്ള പൈലറ്റുമാരെയാണ് ദൗത്യത്തിന് തിരഞ്ഞെടുത്തത്.
ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നിയന്ത്രണരേഖ കടക്കാനുള്ള 12 മിറാഷുകള്‍ ഇവരാണു സജ്ജമാക്കിയിരുന്നു. ഫെബ്രുവരി 24-ന് അവാക്‌സ് റഡാര്‍ നിരീക്ഷണവിമാനവും പോര്‍വിമാനങ്ങളില്‍ ആകാശമധ്യേ ഇന്ധനം നിറയ്ക്കാനുള്ള ടാങ്കര്‍ വിമാനവും ആഗ്ര വരെ പറപ്പിച്ച് ട്രയല്‍ റണ്‍ നടത്തിയിരുന്നു.
വ്യോമസേനയുടെ ഒന്നാം സ്‌ക്വാഡ്രനായ ടൈഗേര്‍സ്, ഏഴാം സ്‌ക്വാഡ്രനായ ബാറ്റില്‍ ആക്‌സസ് എന്നിവരെയാണു ദൗത്യത്തില്‍ ഏര്‍പ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ 3.45. മൂന്നു വ്യോമതാവളങ്ങളില്‍നിന്ന് ഒരേസമയം വിമാനങ്ങള്‍ കുതിച്ചുയര്‍ന്നു. 12 മിറാഷുകള്‍ ഇസ്രയേല്‍ നിര്‍മിത ലേസര്‍ ഗൈഡഡ് മിസൈലുകളില്‍ ഘടിപ്പിച്ച ബോംബുകളുമായാണ് മധ്യപ്രദേശിലെ മഹാരാജാപുരില്‍നിന്ന് പറന്നത്. ഹരിയാനയിലെ സിര്‍സയില്‍നിന്നും ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുമായി 16 സുഖോയ് വിമാനങ്ങള്‍ എത്തിയത്.
ഇതിന് ഒപ്പം തന്നെ നിരീക്ഷണ ഡ്രോണുകളെയും രഹസ്യകേന്ദ്രത്തില്‍നിന്നും റഡാര്‍ സിഗ്നലുകളെയും കബളിപ്പിക്കാന്‍ കഴിയുന്നതും, അതിര്‍ത്തിക്കപ്പുറം 450 കി.മീ. വരെ നിരീക്ഷിക്കാനും കഴിയുന്ന അവാക്‌സ് ''നേത്ര'' വിമാനം പഞ്ചാബിലെ ഭട്ടിന്‍ഡയില്‍നിന്നും ഈ സംഘത്തിന് ഒപ്പം ഉണ്ടായി. ഒരേ സമയം മൂന്നിടങ്ങളില്‍നിന്നും പോര്‍വിമാനങ്ങള്‍ അതിര്‍ത്തിക്ക് അടുത്ത് എത്തിയപ്പോള്‍ പാക് റഡാര്‍ സംവിധാനം പാളി. പാകിസ്താനെ ആശയക്കുഴപ്പത്തിലാക്കിയശേഷം സുഖോയികള്‍ തിരികെപ്പറന്നു. ഈ സമയം മിറാഷുകള്‍ അതിര്‍ത്തി കടന്ന് ദൌത്യം നടപ്പിലാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam