'പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ മാധ്യമപ്രവർത്തകർക്ക് സ്വഭാവസർട്ടഫിക്കറ്റ്'; ഉത്തരവ് പിൻവലിച്ചു

By Web TeamFirst Published Oct 4, 2022, 2:00 PM IST
Highlights

സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശനിലെയും ആകാശവാണിയിലെയും പത്രപ്രവർത്തകർ പോലും സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദേശമുണ്ടായി.

ദില്ലി: ഹിമാചൽപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉത്തരവ്. സംഭവം വിവാദമായതിന് പിന്നാലെ അധികൃതർ ഉത്തരവ് പിൻവലിച്ചു. സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള നോട്ടീസ് കടുത്ത വിമർശനം നേരിട്ടതോടെയാണ് അധികൃതർ പിൻവലിച്ചത്. സെപ്റ്റംബർ 29-ന് അയച്ച കത്തിൽ റാലി റിപ്പോർട്ട് ചെയ്യാൻ എത്തുന്ന എല്ലാ ലേഖകരുടെയും  ഫോട്ടോഗ്രാഫർമാരുടെയും വീഡിയോഗ്രാഫർമാരുടെയും ലിസ്റ്റ് തയ്യാറാക്കാനും അവരുടെ സ്വഭാവം പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റും ആവശ്യപ്പെട്ടിരുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശനിലെയും ആകാശവാണിയിലെയും പത്രപ്രവർത്തകർ പോലും സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദേശമുണ്ടായി. ഒക്ടോബർ ഒന്നിനകം സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് അടിസ്ഥാനപ്പെടുത്തിയാ‌യിരിക്കും പ്രവേശനം തീരുമാനിക്കുകയെന്നും അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, നോട്ടീസിനെതിരെ സംസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തകർ രം​ഗത്തെത്തിയതോടെ നോട്ടീസ് പിൻവലിക്കാൻ തീരുമാനിച്ചു. ഓഫീസ് അശ്രദ്ധമായി കത്ത് നൽകിയതിൽ ഖേദമുണ്ടെന്നും കത്ത് പിൻവലിക്കുന്നുവെന്നും എല്ലാ മാധ്യമങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അധികൃതർ പുതിയതായി പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കി.

പിആർഡി ശുപാർശ ചെയ്യുന്ന എല്ലാവർക്കും പാസുകൾ നൽകും. വിവാദത്തിൽ ഹിമാചൽ പ്രദേശ് പോലീസ് മേധാവിയും പ്രകടിപ്പിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ പ്രധാനമന്ത്രി മോദിയുടെ റാലി കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഈ വർഷം അവസാനമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺ​ഗ്രസും എഎപിയും ശക്തമായ വെല്ലുവിളി‌‌യുയർത്തുമെന്നാണ് നി​ഗമനം. 

അമിത് ഷായുടെ റാലി, ജമ്മുവിലും രജൌരിയിലും മൊബൈൽ ഇന്റർനെറ്റിന് നിരോധനം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിയോടനുബന്ധിച്ച് ജമ്മുവിൽ മൊബൈൽ ഇന്റർനെറ്റിന് നിരോധനമേർപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട ജമ്മുവിലെ ചില ഭാഗങ്ങളിലും അയൽ ജില്ലയായ രജൗരിയിലുമാണ് ഇന്റർനെറ്റ് താത്കാലികമായി നിരോധിച്ചിരിക്കുന്നത്. അക്രമികൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ഇന്ന് വൈകീട്ട് ഏഴ് മണിവരെയാണ് നിരോധനം. ജയിലുകളുടെ ചുമതലയുള്ള ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) ഹേമന്ത് ലോഹ്യയെ വീട്ടുജോലിക്കാരൻ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അമിത് ഷാ ജമ്മുവിൽ എത്തിയത് ഇതോടെയാണ് സുരക്ഷ ശക്തമാക്കിയത്. 

click me!