നവംബർ നാലിന് വമ്പൻ പ്രഖ്യാപനവുമായി തുടങ്ങി, തമ്പടിച്ച് പ്രവർത്തനം; ഒടുവിൽ ഹിമാചൽ കോൺഗ്രസിന് 'പ്രിയങ്ക'രമാക്കി

By Anver SajadFirst Published Dec 8, 2022, 6:31 PM IST
Highlights

നവംബർ നാലാം തിയതി സംസ്ഥാനത്ത് നടത്തിയ വലിയ റാലിക്കിടെയുള്ള പ്രിയങ്കയുടെ പ്രഖ്യാപനം രാജ്യം ഒന്നാകെ ശ്രദ്ധിക്കുന്നതായിരുന്നു. 'കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ അഗ്നിപഥ് പദ്ധതി റദ്ദാക്കും' എന്നായിരുന്നു പ്രിയങ്ക അന്ന് പ്രഖ്യാപിച്ചത്

രണമാറ്റമെന്ന പതിവ് തെറ്റാതെ ഹിമാചൽ ജനത എഴുതിയ വിധിയുടെ പൂർണരൂപം പുറത്തുവരുമ്പോൾ കോൺഗ്രസിന് അത് ഏറെ 'പ്രിയങ്ക'രം കൂടിയാകുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ തന്നെ പ്രചാരണ ചുമതല ഏറ്റെടുത്ത് സംസ്ഥാനത്തെത്തിയ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് വിജയ മധുരത്തിൽ ഏറെ പങ്കുണ്ട്. ഹിമാചൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ കോൺഗ്രസ് അധ്യക്ഷയായിരുന്ന അമ്മ സോണിയ ഗാന്ധി അസുഖ ബാധിതയായിരുന്നതിനാലും, സഹോദരനും മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിലായിരുന്നതിനാലും സംസ്ഥാനത്തേക്ക് എത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ പ്രിയങ്ക കോൺഗ്രസിന്‍റെ താര പ്രചാരകയായി സംസ്ഥാനമാകെ നിറഞ്ഞു നിന്നു. ഇതിനിടയിൽ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജ്ജുൻ ഖാ‍ർഗെ സംസ്ഥാനത്ത് ശ്രദ്ധ പതിപ്പിച്ചെങ്കിലും വലിയ ശ്രദ്ധ നൽകിയത് ഗുജറാത്തിലായിരുന്നു. എന്നാൽ പ്രിയങ്ക ഒന്നിനും ഒരു കുറവും വരുത്തിയില്ല. വാഗ്ധാനങ്ങളും എതിരാളികൾക്കുള്ള മറുപടി നൽകുന്ന കാര്യത്തിലുമെല്ലാം വലിയ രാഷ്ട്രീയ മികവ് തന്നെയായാരുന്നു ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരി കാട്ടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മുഖ്യമന്ത്രി ജയ്റാം താക്കൂറിന്‍റെയുമെല്ലാം ആരോപണങ്ങൾക്ക് സംസ്ഥാന ജനതയുടെ മനമറിഞ്ഞുള്ള മറുപടിയുമായാണ് പ്രിയങ്ക നിറഞ്ഞു നിന്നത്.

വാഗ്ധാനങ്ങളുടെ കാര്യത്തിൽ പ്രിയങ്ക ഗാന്ധി ഏവർക്കും മുന്നിലായിരുന്നു എന്നും പറയാം. നവംബർ നാലാം തിയതി സംസ്ഥാനത്ത് നടത്തിയ വലിയ റാലിക്കിടെയുള്ള പ്രിയങ്കയുടെ പ്രഖ്യാപനം രാജ്യം ഒന്നാകെ ശ്രദ്ധിക്കുന്നതായിരുന്നു. 'കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ അഗ്നിപഥ് പദ്ധതി റദ്ദാക്കും' എന്നായിരുന്നു പ്രിയങ്ക അന്ന് പ്രഖ്യാപിച്ചത്. യുവതലമുറയുടെ ആവശ്യമാണ് അഗ്നിപഥ് പദ്ധതി റദ്ദാക്കുകയെന്നതെന്നും, ഉറപ്പായും കോൺഗ്രസ് അത് ചെയ്യുമെന്നും അവർ വിശദീകരിക്കുകയും ചെയ്തു. അഗ്നിപഥിനെതിരായ പ്രചരണം റാലികളിലും റോഡ് ഷോയിലുമെല്ലാം പ്രിയങ്ക ആവർത്തിച്ചു. ഏറെക്കുറെ ഒരു കുടുംബത്തിൽ ഒരാളെങ്കിലും സൈന്യത്തിലുണ്ട് എന്നതാണ് ഹിമാചലിനെക്കുറിച്ച് പൊതുവെ പറയാറുള്ളത് എന്ന കാര്യവും ഇവിടെ എടുത്തുപറയേണ്ടതാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്‍റെ മനമറിഞ്ഞുള്ള പ്രഖ്യാപനമായി അത് മാറി എന്ന് വേണം വിലയിരുത്താൻ.

ഹിമാചലിലെ ഒരേ ഒരു ചെങ്കനൽ തരി, രാകേഷ് സിൻഹക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനമില്ല! സംഭവിച്ചതെന്ത്?

കേന്ദ്രത്തിലെ അധികാര പ്രതീക്ഷകൾ പങ്കുവയ്ക്കുന്നതിനൊപ്പം സംസ്ഥാനത്തും പ്രിയങ്ക നിരവധി വാഗ്ധാനങ്ങൾ മുന്നോട്ടുവച്ചു. ഹിമാചൽ പ്രദേശിലെ ജനങ്ങൾ കോൺഗ്രസിനെ തെരെഞ്ഞെടുത്തു കഴിഞ്ഞാൽ ഒരു ലക്ഷം പേർക്ക് സർക്കാർ ജോലി നൽകുമെന്നായിരുന്നു മറ്റൊരു വാഗ്ധാനം. ആദ്യ മന്ത്രിസഭാ യോഗത്തിൽ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും അവർ പ്രഖ്യാപിച്ചിരുന്നു. ഒപ്പം തന്നെ വനിതകൾക്ക് 1500 രൂപ  മാസംതോറും സഹായം നൽകുമെന്നും സംസ്ഥാനത്ത് നിയന്ത്രിതമായി സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നുമെല്ലാം വാഗ്ധാനങ്ങളുണ്ടായി. വിദ്യാഭ്യാസ മേഖലയിലും കർഷകരുടെ കാര്യത്തിലുമെല്ലാം പ്രിയങ്ക കൃത്യമായ വാഗ്ധാനങ്ങളും ഉറപ്പും പ്രഖ്യാപനവും നടത്തിയാണ് മുന്നേറിയത്. വാഗ്ധാനങ്ങൾ താഴെ തട്ടിൽ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും അവർ മറന്നില്ല.

എന്തായാലും പ്രിയങ്കയുടെ വാഗ്ധാനങ്ങളൊന്നും ചീറ്റിപോയിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ഭരണ വിരുദ്ധ വികാരത്തിനും സംസ്ഥാനത്തെ പ്രവർത്തകരുടെ മികച്ച പ്രവർത്തനത്തിനും ഒപ്പം പ്രിയങ്കയുടെ സാന്നിധ്യത്തിനും വിജയത്തിൽ പങ്കുണ്ടെന്നതിൽ ആർക്കും സംശയമുണ്ടാകില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പോലും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ പ്രിയങ്കയുടെ പ്രവർത്തനം എടുത്തു പറഞ്ഞാണ് സംസാരിച്ചത്. പ്രവ‍ര്‍ത്തകരുടേയും നേതാക്കളുടേയും കൂട്ടായ പ്രവർത്തനത്തിനൊപ്പം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയും സോണിയ ഗാന്ധിയുടെ അനുഗ്രഹവും, പ്രിയങ്കാ ഗാന്ധിയുടെ പ്രയത്നവും വിജയത്തിന് ഘടകങ്ങളായെന്നാണ് ഖാർഗെ പറഞ്ഞുവെച്ചത്.

കന്നി പോരിൽ ഗുജറാത്തിലെ മികവ്, ദേശീയ പാർട്ടി പദവിയിലേക്ക് എഎപി; ആദ്യ പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ

ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ തട്ടകമായ ഹിമാചൽ പ്രദേശിൽ ബി ജെ പിയെ മലർത്തിയടിക്കാൻ സാധിച്ചത് ഗുജറാത്ത് തോൽവിക്കിടയിലും കോൺഗ്രസിന് ആശ്വാസത്തിന് വക നൽകുന്നതാണ്. സംസ്ഥാന രാഷ്ട്രീയത്തിന്‍റെ ഗതിയറിഞ്ഞ് പ്രയത്നിച്ച പ്രിയങ്കയുടെ പ്രവ‍ർത്തന മികവ് ഇനി ദേശീയ രാഷ്ട്രീയത്തിലും വലിയ ചർച്ചയാകും. കോൺഗ്രസ് രാഷ്ട്രീയത്തിൽ പണ്ട് മുതലേ ഉയരുന്ന പ്രിയങ്ക വേണമെന്ന മുറവിളിക്കും ഇനി 'പ്രിയങ്ക'ര മേറും എന്നതാണ് ഹിമാചൽ തെരഞ്ഞെടുപ്പ് ഫലം വിരൽചൂണ്ടുന്ന മറ്റൊരു യാഥാർത്ഥ്യം. എന്തായാലും എല്ലാം കണ്ടറിയണം. ഒപ്പം വാഗ്ധാനങ്ങൾ പാലിക്കപ്പെടുമോ എന്നതും.

click me!