
ദില്ലി : തളരാതെ തകരാതെ കോൺഗ്രസ്. ഹിമാചല്‍ പ്രദേശിൽ 40 സീറ്റുകളില്‍ ആധിപത്യം നേടി കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചു. ഭരണവിരുദ്ധ വികാരവും വിമതരും ബിജെപിയെ 26 സീറ്റിലൊതുക്കിയപ്പോൾ ബിജെപി കോട്ടകളില്‍ പോലും കരുത്തുകാട്ടിയാണ് കോൺഗ്രസിന്റെ വിജയമെന്നത് ശ്രദ്ധേയം.
മോദി പ്രഭാവം ഉയർത്തിക്കാട്ടിയുള്ള ബിജെപി പ്രചാരണത്തിന് വലിയ തിരിച്ചടി. പ്രാദേശിക വിഷയങ്ങളുയര്‍ത്തിയുള്ള കോണ്‍ഗ്രസ് നിലപാടിന് ഹിമാചലിന്‍റെ അംഗീകാരം. രാഹുല്‍ ഗാന്ധിയുടെ അഭാവത്തില്‍ പ്രിയങ്ക സംസ്ഥാനമാകെ നടത്തിയ പ്രചാരണവും അഗ്നിവീര്‍ റദ്ദാക്കുമെന്ന പ്രഖ്യാപനവും കോൺഗ്രസ് വിജയ ഘടകമായി. അഗ്നിവീര്‍ റദ്ദാക്കുമെന്ന പ്രഖ്യാപനത്തോടൊപ്പം തൊഴില്ലില്ലായ്മ, വിലക്കയറ്റം, ആപ്പിൾ കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങി കോൺഗ്രസ് ഉന്നയിച്ച വിഷയങ്ങൾ ജനങ്ങൾ അംഗീകരിച്ചതിന് തെളിവാണ് തിളക്കമാർന്ന വിജയം.
ഒബിസി വോട്ടുകൾ നിർണായകമായ 15 സീറ്റുകളുള്ള കാംഗ്രയില്‍ 10 സീറ്റുകളില്‍ കോൺഗ്രസ് ആധിപത്യം നേടി. ആപ്പിൾ കർഷകർക്ക് നിർണായക സ്വാധീനമുള്ള ഷിംലയും കിന്നൗറും, സർക്കാർ ഉദ്യോഗസ്ഥർക്ക് സ്വാധീനമുള്ള നഗരമേഖലകളും കോൺഗ്രസിനൊപ്പം നിന്നു. പരമ്പരാഗതമായി തുണയ്ക്കുന്ന ഉന സോലന്‍ ജില്ലകളിലും കോൺഗ്രസ് കരുത്തുകാട്ടി. വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകളില്‍ ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ചെങ്കിലും ഉച്ചയോടെ കോൺഗ്രസ് വ്യക്തമായ ലീഡുയർത്തി.
'ജനാധിപത്യത്തിൽ ജയവും തോൽവിയും സാധാരണം'; ഗുജറാത്ത് തോല്‍വിയില്‍ കോണ്‍ഗ്രസ്
'ജനങ്ങൾ ഞങ്ങളില്‍ വിശ്വാസമർപ്പിച്ചു. ജനങ്ങൾക്ക് നല്‍കിയ വാഗാദനങ്ങൾ ഞങ്ങൾ പാലിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിന്റെ പ്രതികരണം. കോൺഗ്രസ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണ നീക്കം ഇതിനോടകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ബിജെപി അട്ടിമറി ഭയന്ന് എംഎൽഎമാരെ ഛത്തീസ്ഗണ്ഡിലേക്ക് മാറ്റും. ഇക്കാര്യം കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥിരീകരിച്ചു. എല്ലാ എംഎൽഎമാരെയും ഒരുമിച്ച് എളുപ്പം കാണാൻ സാധിക്കുമെന്നതിനാലാണ് ചണ്ഡീഗഡിലേക്ക് മാറ്റുന്നതെന്നാണ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിന്റെ വിശദീകരണം.
ശക്തികേന്ദ്രങ്ങളിലടക്കം വിമതരാണ് ബിജെപിക്ക് തിരിച്ചടിയായത്. വിജയിച്ച മൂന്ന് സ്വതന്ത്രരില്‍ രണ്ടുപേരും ബിജെപി വിമതരാണ്. ഭരണ വിരുദ്ധ വികാരവും തോല്‍വിക്ക് കരാണമായി. അന്തിമ ഫലപ്രഖ്യപനത്തിന് കാക്കാതെ മുഖ്യമന്ത്രി ജയറാം താക്കൂർ തോല്‍വി സമ്മതിച്ചു. ഇരുപാർട്ടികളുടെയും വോട്ടുകൾ ചോർത്തുമെന്ന് കരുതിയ ആംആദ്മി പാർട്ടി സംസ്ഥാനത്ത് കാര്യമായ ചലനമുണ്ടാക്കിയില്ലെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam