
ദില്ലി: ഹിമാചൽ പ്രദേശ് ബിലാസ്പൂരിലെ മണ്ണിടിച്ചിലില്‍ മരിച്ചത് 16 പേര്‍. ബസിന് മുകളിലേക്ക് മണ്ണും പാറക്കലുകളും ഇടിഞ്ഞ് വീണാണ് അപകടം. മരിച്ചവരില്‍ 10 പുരുഷന്‍മാരും മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. ബസിൽ ബാക്കിയുണ്ടായിരുന്ന യാത്രക്കാരെ രക്ഷപ്പെടുത്തിയെന്ന് അധികൃതർ വ്യക്തമാക്കി. മല മുഴുവനായി ഇടിഞ്ഞ് ബസ്സിനു മുകളിലേക്ക് വീഴുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് നിന്നുള്ള വീഡിയോയിൽ നാട്ടുകാർ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിക്കുന്നത് കാണാം. ബസിന് മുകളില്‍ നിന്ന് ജെസിബി ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് ദാരുണമായ അപകടം ഉണ്ടായത്. രക്ഷാപ്രവർത്തനം ഊർജിതമാക്കി അടിയന്തര നടപടികൾ സ്വീകരിക്കാൻ ഹിമാചൽ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. എൻഡിആർഫിനെ അടക്കം നിയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നത്.