
മുംബൈ: ആഗോള സാമ്പത്തിക വളർച്ചയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും 2026ൽ ഇന്ത്യയിലെ ശമ്പളം ഒമ്പത് ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് സർവേ ഫലം. ശക്തമായ ആഭ്യന്തര ഉപഭോഗം, നിക്ഷേപം, സർക്കാർ നയങ്ങൾ എന്നിവയുടെ പിൻബലത്തിലാണ് ഈ വളര്‍ച്ചയുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്. ആഗോള പ്രൊഫഷണൽ സർവീസസ് സ്ഥാപനമായ എഒഎൻ നടത്തിയ 'വാർഷിക ശമ്പള വർധനവ്, ടേൺഓവർ സർവേ 2024-25 ഇന്ത്യ' അനുസരിച്ച്, ആഗോള സാമ്പത്തിക വളർച്ച മന്ദഗതിയിലായിട്ടും 2025ൽ രേഖപ്പെടുത്തിയ 8.9 ശതമാനം ശമ്പള വർദ്ധനവിനെക്കാൾ നേരിയ വർദ്ധനവാണ് 2026ൽ പ്രവചിക്കുന്നത്. ശക്തമായ ആഭ്യന്തര ഉപഭോഗം, നിക്ഷേപങ്ങൾ, നയപരമായ നടപടികൾ എന്നിവയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഈ വെല്ലുവിളികൾക്കിടയിലും പിടിച്ചുനിർത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
45 വ്യവസായങ്ങളിലായി 1,060 സ്ഥാപനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് എഒഎൻ 30-ാമത് വാർഷിക സർവേ തയ്യാറാക്കിയത്. വ്യവസായങ്ങൾക്കനുസരിച്ച് ശമ്പള വർദ്ധനവിൽ വ്യത്യാസം ഉണ്ടാകും. റിയൽ എസ്റ്റേറ്റ്/ഇൻഫ്രാസ്ട്രക്ചർ (10.9 ശതമാനം), നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFCs - 10 ശതമാനം) എന്നീ മേഖലകളിലായിരിക്കും 2026ൽ ഏറ്റവും കൂടുതൽ വർദ്ധനവ് പ്രതീക്ഷിക്കുന്നത്.
കൂടാതെ, ഓട്ടോമോട്ടീവ്/വാഹന നിർമ്മാണ മേഖലയിൽ 9.6 ശതമാനം ശമ്പള വർദ്ധനവും, എഞ്ചിനീയറിംഗ് ഡിസൈൻ സർവീസസിൽ (9.7 ശതമാനം), റീട്ടെയിൽ (9.6 ശതമാനം), ലൈഫ് സയൻസസ് (9.6 ശതമാനം) എന്നീ മേഖലകളിലും ശമ്പള വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ട്. നിർണായകമായ പ്രതിഭകളിൽ ഈ മേഖലകൾ തുടരുന്ന നിക്ഷേപമാണ് ഇത് സൂചിപ്പിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപങ്ങളുടെയും നയപരമായ നടപടികളുടെയും പിന്തുണയോടെ ഇന്ത്യയുടെ വളർച്ചാ സാധ്യത ശക്തമായി നിലനിൽക്കുന്നുവെന്ന് എഒഎന്നിലെ ടാലന്‍റ് സൊല്യൂഷൻസ് ഇന്ത്യയുടെ പങ്കാളിയും റിവാർഡ്സ് കൺസൾട്ടിംഗ് ലീഡറുമായ രൂപങ്ക് ചൗധരി പറഞ്ഞു. റിയൽ എസ്റ്റേറ്റ്, എൻബിഎഫ്സി പോലുള്ള പ്രധാന മേഖലകൾ പ്രതിഭകളിലുള്ള നിക്ഷേപത്തിന് നേതൃത്വം നൽകുന്നു. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും സുസ്ഥിരമായ വളർച്ചയും തൊഴിൽ ശക്തിയുടെ സ്ഥിരതയും ഉറപ്പാക്കാൻ ബിസിനസുകൾ ശമ്പളത്തിൽ തന്ത്രപരമായ സമീപനം സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സർവേയിൽ, മൊത്തത്തിലുള്ള ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് നിരക്ക് കുറഞ്ഞതായി കണ്ടെത്തി. 2023-ലെ 18.7 ശതമാനത്തിൽ നിന്ന് 2024-ൽ ഇത് 17.7 ശതമാനമായി കുറഞ്ഞു, 2025-ൽ ഇത് വീണ്ടും 17.1 ശതമാനമായി കുറയുമെന്നാണ് പ്രവചനം. കൊഴിഞ്ഞുപോക്കിലെ ഈ കുറവ്, തൊഴിൽ രംഗം കൂടുതൽ സ്ഥിരതയുള്ളതായി മാറിയിട്ടുണ്ട്. സ്ഥാപനങ്ങൾക്ക് ജീവനക്കാരെ നിലനിർത്താൻ കഴിയുന്നുണ്ടെന്നും സൂചിപ്പിക്കുന്നു. തൊഴിൽ ശക്തി കൂടുതൽ സ്ഥിരത കൈവരിക്കുന്നതിനാൽ, കമ്പനികൾക്ക് ലക്ഷ്യബോധത്തോടെയുള്ള നൈപുണ്യ വികസന പരിപാടികളിൽ നിക്ഷേപിക്കാനും, ശക്തമായ പ്രതിഭകളെ വളർത്തിയെടുക്കാനും, ഭാവിയിലെ ബിസിനസ് ആവശ്യങ്ങൾക്കായി തയ്യാറെടുക്കാനും സാധിക്കുമെന്നും സർവേ പറയുന്നു.