
ചെന്നൈ: ഹിന്ദി അവികസിത സംസ്ഥാനങ്ങളുടെ ഭാഷയാണെന്നും ഹിന്ദി അടിച്ചേൽപ്പിച്ചാൽ നമ്മളെ ശൂദ്രരാക്കുമെന്നും ഡിഎംകെ രാജ്യസഭ എംപി ഇളങ്കോവന്റെ വിവാദ പരാമർശം. തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് എംപിയുടെ വിവാദ പരാമർശമുണ്ടായത്. “ഹിന്ദി നമ്മെ ശൂദ്രരാക്കും. ഹിന്ദി നമുക്ക് ഒരു ഗുണവും ചെയ്യില്ല. അത് നമ്മുടെ നാട്ടിൽ പ്രവേശിച്ചാൽ ദോഷമാണെന്നും നമ്മുടെ സമ്പന്നമായ സംസ്കാരത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിനുമുമ്പ് ഒരാൾക്ക് ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ രാജാവാകണമെങ്കിൽ, വർണാശ്രമ ധർമ്മപ്രകാരം ക്ഷത്രിയനായിരിക്കണമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അതല്ല സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരോടും ഒരേപോലെ പെരുമാറുന്ന ഒരു നാഗരികത ലോകത്ത് എപ്പോഴെങ്കിലും ഉണ്ടായിരുന്നെങ്കിൽ, അത് തമിഴ് സംസ്കാരമായിരുന്നു, ഇപ്പോൾ അവർ അതിനെ നശിപ്പിക്കാൻ പദ്ധതിയിടുകയാണ്. മനുധർമ്മം ഇവിടെ കൊണ്ടുവരാൻ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ഇത് നമ്മൾ അനുവദിക്കരുത്. അനുവദിച്ചാൽ നമ്മൾ അടിമകളാകുമെന്നും ഇളങ്കോവൻ പറഞ്ഞു.
ഹിന്ദി പഠിക്കേണ്ട ആവശ്യമില്ല. രാജ്യത്ത് ചില വികസിത സംസ്ഥാനങ്ങളിൽ ഹിന്ദി ഒന്നാം ഭാഷയല്ല. എന്നാൽ അവികസിത സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഹിന്ദിയാണ് പ്രധാന ഭാഷയെന്നും ഇളങ്കോവൻ പറഞ്ഞു. ഇളങ്കോവന്റെ പ്രസ്താവന ജാതീയ അധിക്ഷേപമാണെന്ന വിമർശനമുയർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam