
ബെംഗളുരു: കര്‍ണാടകയില്‍ കോൺഗ്രസിന്റെ കാക്കി നിക്കര്‍ കത്തിക്കൽ പ്രതിഷേധത്തിന് മറുപടിയുമായി ആർഎസ്എസും ബിജെപിയും. കോൺഗ്രസ് ഓഫിസിലേക്ക് അടിവസ്ത്രങ്ങൾ അയച്ചുകൊടുക്കുമെന്ന് ആർഎസ്എസ് നേതാക്കൾ പറഞ്ഞു. ഇതിനായി അടിവസ്ത്രങ്ങൾ ശേഖരിക്കാനും ആരംഭിച്ചു. സിദ്ധരാമയ്യയുടെയും കോൺഗ്രസ് പാർട്ടിയുടെയും അടിവസ്ത്രം അയഞ്ഞിരിക്കുകയാണെന്ന് ബിജെപി നേതാവ് പ്രഹ്ലാദ് ജോഷി പറഞ്ഞു. അവരുടെ അടിവസ്ത്രം കീറിയിരിക്കുകയാണ്. അങ്ങനെയാണ് അവർ കത്തിക്കാൻ മുന്നിട്ടിറങ്ങിയത്. യുപിയിൽ അവർക്ക് അടിവസ്ത്രം നഷ്ടപ്പെട്ടു. ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യയുടെ അടിവസ്ത്രവും ലുങ്കിയും നഷ്ടപ്പെട്ടു. ഇപ്പോൾ സംഘത്തിന്റെ അടിവസ്ത്രം കത്തിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിദ്ധരാമയ്യക്ക് അടിവസ്ത്രം കത്തിക്കാൻ ആഗ്രഹമുണ്ടെങ്കിൽ വീടിനുള്ളിൽ കത്തിക്കട്ടെയെന്നും മറ്റൊരു ബിജെപി നേതാവ് ചളവാദി നാരായണസ്വാമി പറഞ്ഞു. എസ്‌സി മോർച്ചയുടെ എല്ലാ ജില്ലാ പ്രസിഡന്റുമാരോടും സിദ്ധരാമയ്യയെ സഹായിക്കാൻ പറഞ്ഞിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി തേടണമെന്നും അടിവസ്ത്രം കത്തിക്കുന്നത് വായു മലിനീകരണത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യയുടെ നിലവാരം ഇത്തരത്തിൽ താഴുമെന്ന് കരുതിയിരുന്നില്ലെന്നും നാരായണ സ്വാമി പറഞ്ഞു.
ചിക്കമംഗ്ലൂരുവിൽ കാക്കി നിക്കര്‍ കത്തിച്ച് എൻ എസ് യു ഐ (NSUI) പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം കാക്കി നിക്കര്‍ കത്തിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഇന്നും കത്തിച്ചത്. പാഠപുസ്തകങ്ങളില്‍ കാവിവത്കരണം ആരോപിച്ച് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷിന്‍റെ വസതിക്ക് മുന്നിലാണ് കാക്കി നിക്കർ കത്തിച്ച് പ്രതിഷേധിച്ചത്. ആർ എസ് എസ് അജണ്ടക്കെതിരെ കൂടുതൽ ഇടങ്ങളിൽ കാക്കിനിക്കർ കത്തിച്ച് പ്രതിഷേധിക്കുമെന്ന് സിദ്ധരാമയ്യ പ്രസ്താവന നടത്തിയിരുന്നു.
ആര്‍എസ്എസ് ആശയങ്ങള്‍ പാഠപുസ്തകങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. വിദ്യാഭ്യാസ മന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച 15 എൻ എസ് യു പ്രവര്‍ത്തകരെയാണ് അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ വീടാക്രമിക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചെന്നായിരുന്നു ഇതിന് പിന്നാലെ ബിജെപി ആരോപിച്ചത്. കോൺഗ്രസ് സ്വന്തം നിക്കർ കീറിയ നിലയിലാണെന്നും ബിജെപി നേതാക്കൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ ഇടങ്ങളിലേക്ക് കാക്കി നിക്കർ കത്തിക്കൽ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് സിദ്ദരാമയ്യ പറഞ്ഞത്.
ശ്രീനാരായണ ഗുരു, പെരിയാര്‍ രാമസ്വാമി നായ്ക്കര്‍ തുടങ്ങിയവെരക്കുറിച്ചുള്ള ഭാഗങ്ങള്‍ ഒഴിവാക്കി പകരം ആര്‍ എസ് എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്‍റെ പ്രസംഗം ഉള്‍പ്പെടുത്തിയിരുന്നു. സിലബസ് പരിഷ്കരണ സമിതിയുടെ തീരമാനങ്ങള്‍ റദ്ദാക്കണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam