സന്ദർശക‍ർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് നിരോധിച്ച് കർണാടക മുഖ്യമന്ത്രി; കാരണം 'പേടി'യെന്ന് സൂചന

By Web TeamFirst Published Nov 6, 2019, 12:08 PM IST
Highlights

കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരെ രാജിവെപ്പിച്ചതിന് പിന്നിൽ താനാണെന്ന യെദിയൂരപ്പയുടെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെയാണ് നടപടി.
 

ബംഗളൂരു: ഔദ്യോഗിക വസതിയിലും ഓഫീസിലും സന്ദർശക‍ർ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് നിരോധിച്ച് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. ഫോൺ, സുരക്ഷാ ജീവനക്കാരെ ഏൽപ്പിച്ചതിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ കാണാവൂ എന്നാണ് നിർദേശം. കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരെ രാജിവെപ്പിച്ചതിന് പിന്നിൽ താനാണെന്ന യെദിയൂരപ്പയുടെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെയാണ് നടപടി.

സന്ദര്‍ശകര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് നിര്‍ദ്ദേശിച്ചതിനു പുറമേ,  ഓഫീസിലും വീട്ടിലും  ജാമറുകള്‍ സ്ഥാപിക്കാനും യെദിയൂരപ്പ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട് . കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ താമര നടത്തിയെന്ന് യെദിയൂരപ്പ സമ്മതിക്കുന്ന വീഡിയോയാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ അറിവോടെ കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരെ സ്വാധീനിക്കുകയായിരുന്നെന്ന് യെദിയൂരപ്പ പറയുന്നതാണ് വീഡിയോയിലുള്ളത്.  

ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ യെദിയൂരപ്പ സംസാരിക്കുന്നതിനിടെ ചിത്രീകരിച്ചത് എന്ന് കരുതുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത്. ജെഡിഎസ് എംഎൽഎയോട് കൂറുമാറാൻ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണങ്ങൾ ചോർന്നതും  യെദിയൂരപ്പയെ നേരത്തെ പ്രതിരോധത്തിലാക്കിയിരുന്നു.

Read Also: കർണാടകത്തിൽ ഓപ്പറേഷൻ താമര നടത്തിയെന്ന് യെദിയൂരപ്പ- വീഡിയോ പുറത്ത്

click me!