'ഞാൻ ഹിന്ദുവാണ്'; മതംമാറിയില്ലെന്ന് തെളിയിക്കാൻ കൽനടയായി കിലോമീറ്ററുകൾ താണ്ടി യുവാവ് സുപ്രിംകോടതിയിലേക്ക്

By Web TeamFirst Published Aug 2, 2021, 7:01 PM IST
Highlights

മതം മാറിയില്ലെന്നും ഇപ്പോഴും ഹിന്ദുമത വിശ്വാസിയാണെന്നും തെളിയിക്കാൻ കാൽനടയായി സുപ്രിം കോടതിയിലേക്ക് തിരിച്ച് യുവാവ്

ദില്ലി: മതം മാറിയില്ലെന്നും ഇപ്പോഴും ഹിന്ദുമത വിശ്വാസിയാണെന്നും തെളിയിക്കാൻ കാൽനടയായി സുപ്രീംകോടതിയിലേക്ക് തിരിച്ച് യുവാവ്. യുപിയിലെ സഹൻപൂരിൽ നിന്ന് പ്രവീൺ കുമാർ എന്ന യുവാവാണ് യാത്ര ആരംഭിച്ചിരിക്കുന്നത്. 

സാധാരണമായിരുന്നു പ്രവീണിന്റെ ജീവിതം, ഭീകര വിരുദ്ധ സ്ക്വാഡ് (എടിഎസ് ) ചോദ്യം ചെയ്യുന്ന സമയം വരെ. പിന്നീട് എല്ലാം തകിടം മറിഞ്ഞു. എടിഎഎസ് ചോദ്യം ചെയ്യൽ പൂർത്തിയാക്കി മതപരിവർത്തന റാക്കറ്റുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി ക്ലീൻ ചിറ്റ് നൽകി. പക്ഷെ കാര്യങ്ങൾ അവിടെ അവസാനിച്ചില്ല. കടുത്ത മോദി, യോഗി ആരാധകനായിരുന്ന, ഹിന്ദു മത വിശ്വാസിയായിരുന്ന പ്രവീൺ പിന്നീട് നാട്ടുകാരിൽ നിന്ന് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധമാണ്.

തന്റെ ഗ്രാമമായ ഷിതല ഖേധയിലെത്തിയപ്പോൾ, അവർ തീവ്രവാദി എന്ന് വിളിച്ചു. ഒറ്റുകാരനാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യോഗി ആദിത്യനാഥിനെയും കുറിച്ച് പുസ്തകമെഴുതിയ പിഎച്ച്ഡിക്കാരനായ തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് രാജ്യം അറിയണമെന്നാണ് പ്രവീൺ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. 

തിരികെ ഗ്രാമത്തിലെത്തിയതു മുതൽ ഭീഷണിയും ഊരുവിലക്കും നേരിടുകയാണ്. കഴിഞ്ഞ ബുധനാഴ്ച ഉറക്കമുണർന്ന് വീടിന്റെ വാതിൽ തുറന്നപ്പോൾ, തീവ്രവാദി എന്ന് എഴുതിവച്ചിരിക്കുന്നു. ഒപ്പം പാക്കിസ്ഥാനിലേക്ക് പോകു എന്ന മുന്നറിയിപ്പും. ജൂൺ 23ന്  തേടിയെത്തിയ കത്തിൽ മതം മാറിയവരുടെ പട്ടികയും, അതിൽ പേരുള്ള പ്രവീണിന് ചിത്രം പതിച്ചുള്ള സർട്ടിഫിക്കറ്റുമായിരുന്നു. എന്നാൽ ഇത് പ്രവീൺ കാര്യമാക്കിയിരുന്നില്ല. ഇന്ന് ഞാൻ ഹിന്ദുവായി തന്നെ ജീവിക്കുകയാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തണം. ഈ യാത്ര ഫലം കാണുമെന്നാണ് കരുതുന്നത് - യാത്രക്കിടെ പ്രവീൺ പറയുന്നു.

ഇസ്ലാമിക് ദുആ സെന്റർ (ഐഡിസി) ചെയർമാനായ മുഫ്തി ഖാസി ജഹാംഗിർ ഖാസ്മി, മുഹമ്മദ് ഉമർ ഗൌതം എന്നിവർക്കെതിരെയുള്ള കേസാണ് പ്രവീണിലെത്തിയത്.  ഗാസിയാാദിലെ ദസ്ന ദേവ ക്ഷേത്ര പുരോഹിതനായ യതി നരസിംഹാനന്ദ് സരസ്വതിക്കെതിരായ 'കൊലപാതക ഗൂഢാലോചന' കേസിൽ പ്രതികളായവരെ ചോദ്യം ചെയ്യപ്പോഴായിരുന്നു ഐഡിസിക്കെതിരെ മൊഴി ലഭിച്ചത്. 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മതപരിവർത്തനം ചെയ്തെന്ന് രേഖപ്പെടുത്തിയ ആയിരത്തോളം പേരുകളുടെ പട്ടിക പുറത്തുവരികയായിരുന്നു. ഇതിൽ ഒരു പേരുകാരനായിരുന്നു പ്രവീൺ. 11 ദിവസം കൊണ്ട് ദില്ലിയിലേക്കുള്ള യാത്ര ലക്ഷ്യം കാണാനാകുമെന്നാണ് പ്രവീൺ കരുതുന്നത്. ഈ യാത്രയോടെ തനിക്ക്, സ്വന്തം ഗ്രാമത്തിൽ സമാധാനമായി ജീവിക്കാൻ കഴിയുമെന്നും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!