ജെഎൻയു ആക്രമണത്തിൽ ഫേസ്ബുക്ക് വഴി ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്രഹിന്ദു സംഘടന

By Asianet MalayalamFirst Published Jan 7, 2020, 12:17 PM IST
Highlights

കമ്മ്യൂണിസ്റ്റുകളുടെ താവളമായി ജെഎൻയു മാറിക്കഴിഞ്ഞു. ഇത്തരം താവളങ്ങളെ വളരാന്‍ അനുവദിക്കില്ലെന്ന് ഹിന്ദു രക്ഷാദള്‍ നേതാവ് പിങ്കി ചൗധരി.

ദില്ലി: ജെഎന്‍യു ക്യാംപസിലുണ്ടായ അക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാ ദള്‍ എന്ന തീവ്ര ഹിന്ദു സംഘടന രംഗത്ത്. ജെഎന്‍യുവില്‍ നടന്ന അക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്തത് തങ്ങളുടെ ആളുകളാണെന്നും ഹിന്ദു രക്ഷാദളിന്‍റെ നേതാവ് പിങ്കി ചൗധരി എന്നയാള്‍ അവകാശപ്പെട്ടു. രാജ്യവിരുദ്ധ ശക്തികളുടെ വിളനിലമായും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായും ജെഎന്‍യു ക്യാംപസ് മാറിയെന്നും ഇതിനെതിരായാണ് തങ്ങള്‍ പ്രതികരിച്ചതെന്നും പിങ്കി ചൗധരി പുറത്തുവിട്ട ഫേസ്ബുക്ക് വീഡിയോ വഴി വ്യക്തമാക്കി. 

കമ്മ്യൂണിസ്റ്റുകളുടെ താവളമായി ജെഎൻയു മാറിക്കഴിഞ്ഞു. ഇത്തരം താവളങ്ങളെ വളരാന്‍ ഞങ്ങള്‍  അനുവദിക്കില്ല. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറ്റു സര്‍വ്വകലാശാലകളില്‍ ഉണ്ടായാല്‍ അവിടേയും സമാനമായ നടപടികളുണ്ടാവുമെന്നും  പിങ്കി ചൗധരി മുന്നറിയിപ്പ് നല്‍കുന്നു. അവര്‍ നമ്മുടെ രാജ്യത്താണ് ജീവിക്കുന്നത്. അവരിവിടെ നിന്നും തിന്നുന്നു, അവര്‍ക്ക് ഇവിടെ വിദ്യാഭ്യാസം കിട്ടുന്നു, എന്നിട്ട് ഈ മണ്ണില്‍ നിന്നു കൊണ്ടു തന്നെ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണ്. ജനുവരി അഞ്ചിന് ജെഎന്‍യുവില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ഞങ്ങളുടെ ആളുകളാണ്. അതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ കൊടുക്കാന്‍ ഞങ്ങള്‍ എന്നും തയ്യാറാണ് സമൂഹമാധ്യമങ്ങലിലൂടെ പുറത്തു വിട്ട വീഡിയോയിലൂടെ പിങ്കി ചൗധരി പറയുന്നു. പിങ്കി ചൗധരിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അതേസമയം ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ മുഖം മൂടി ആക്രമണം നടന്നിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും അക്രമികളെ ദില്ലി പൊലീസ് പിടികൂടിയിട്ടില്ല. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായി ദില്ലി പൊലീസ് ഡിസിപി ദേവേന്ദ്ര ആര്യ അറിയിച്ചു. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം ആരംഭിച്ചതായും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കുമെന്നും ഡിസിപി പറഞ്ഞു. ആക്രമണത്തിന് പൊലീസ് സഹായം നൽകിയെന്ന ആരോപണം നിലനിൽക്കെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 

ജെഎന്‍യുവില്‍ നിലവില്‍ സ്ഥിതി ഗതികൾ ശാന്തമാണെന്ന് ദില്ലി സൗത്ത് വെസ്റ്റ് ഡിസിപി ദേവേന്ദ്ര ആര്യ പറഞ്ഞു. വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തുന്നുണ്ട്. നിലവിൽ പ്രശ്നങ്ങളൊന്നുമില്ല.  ജനുവരി 3നും 4 നും നടന്ന സംഭവങ്ങളിലായി പണ്ട് കേസുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനുവരി അഞ്ചിന് നടന്ന ആക്രമണത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യുകയും ആ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. സർവകലാശാലയും വിദ്യാർത്ഥികളെയും വിശ്വാസത്തിലെടുത്താണ് ദില്ലി പൊലീസ് മുന്നോട്ട് പോകുന്നതെന്നും ദില്ലി സൗത്ത് വെസ്റ്റ് ഡിസിപി ദേവേന്ദ്ര ആര്യ വ്യക്തമാക്കി. 

ജെഎന്‍യുവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ യോഗത്തില്‍ ജെഎന്‍യു വൈസ് ചാന്‍സലര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉണ്ടായത്. സര്‍വ്വകലാശാലയിലെ  സ്ഥിതി വഷളായത് വിസിയുടെ പിടിപ്പുകേടുകൊണ്ടാണെന്നും വിഷയം കൈകാര്യം ചെയ്യുന്നതില്‍ വൈസ് ചാന്‍സലര്‍ക്ക് വീഴ്ച പറ്റിയെന്നും ഉന്നതതലയോഗം വിലയിരുത്തി. ജെഎൻയു ഭരണവിഭാഗവുമായി ചർച്ച നടത്തിയ ഉന്നതതല സമിതി സ്ഥിതിഗതികള്‍ ശാന്തമാക്കാൻ അടിയന്തിര നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു. 

അതേസമയം, സർവകലാശാലയുടെ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം തകരാറിലാക്കിയെന്ന പരാതിയിൽ യൂണിയൻ പ്രസിഡന്‍റ് ഐഷി ഘോഷ് അടക്കം 19 പേർക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. ജനുവരി നാലിന് ക്യാമ്പസിലെ സെർവർ റൂമിൽ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സുരക്ഷ ഉദ്യാഗസ്ഥരെ ആക്രമിച്ചെന്നും എഫ്ഐർആറിൽ പറയുന്നു. സർവകലാശാല അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്.

ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ പുറത്ത് നിന്നെത്തിയ സംഘം അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ക്രൂരമായി തല്ലിചതച്ചത്. ഇതിനെതിരെ ദില്ലി പൊലീസിനെതിരെയും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് യൂണിയന്‍ പ്രസിഡന്‍റും അക്രമത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഐഷിക്കെതിരെ കേസെടുത്ത വാര്‍ത്ത പുറത്ത് വരുന്നത്. 

അതേസമയം, ജെഎന്‍യുവില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി ഐഷി ഘോഷ് രംഗത്ത് വന്നിരുന്നു. പ്രതിഷേധത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്‍വാങ്ങില്ലെന്ന് ഐഷി പറഞ്ഞു. സുരക്ഷിതയാണെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ഐഷി ഫേസ്ബുക്കിലൂടെ അറിയിച്ചു. 'എല്ലാവര്‍ക്കും നന്ദി, ഞാന്‍ തിരിച്ചെത്തി, സുരക്ഷിതയാണ്. തയ്യാറാണ്. ഒരിഞ്ചു പോലും പിന്നോട്ടില്ല'- ഐഷി കുറിച്ചു.

 

click me!