ചെന്നൈയിലെ അഡയാർ മേഖലയിൽ ചത്ത കാക്കകളിൽ എച്ച്5എൻ1 വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിനായി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം തമിഴ്‌നാടിന് അടിയന്തര നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ചെന്നൈ: ചെന്നൈയിലെ അഡയാർ മേഖലയിൽ നിന്നുള്ള ചത്ത പക്ഷികളുടെ സാമ്പിളുകളിൽ എച്ച്5എൻ1 വൈറസ് സാന്നിധ്യം കണ്ടെത്തി. നൂറുകണക്കിന് കാക്കളെയാണ് പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തിയത്. ഇതോടെ തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം അടിയന്തര കത്തയച്ചു. രോഗവ്യാപനം തടയാൻ മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യവകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കുന്ന 'വൺ ഹെൽത്ത്' രീതി നടപ്പിലാക്കാൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. ചത്ത കാക്കകളെയോ മറ്റ് പക്ഷികളെയോ യാതൊരു കാരണവശാലും നേരിട്ട് തൊടാൻ പാടില്ല. പക്ഷികൾ കൂട്ടത്തോടെ ചത്തുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പ്രാദേശിക അധികൃതരെ അറിയിക്കണമെന്നാണ് നിർദേശം.
ചത്ത പക്ഷികളെ ബയോ-സെക്യൂരിറ്റി മാനദണ്ഡങ്ങൾ പാലിച്ച് കത്തിച്ചു കളയുകയോ ആഴത്തിൽ കുഴിച്ചുമൂടുകയോ ചെയ്യണം. ഇത് വന്യജീവികളോ തെരുവ് നായകളോ കടക്കാത്ത വിധത്തിലായിരിക്കണം. അറിഞ്ഞോ അറിയാതെയോ പക്ഷികളെ സ്പർശിച്ചാൽ കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം. മാംസം കൈകാര്യം ചെയ്യുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. കോഴി ഫാമുകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കണം. തൊഴിലാളികൾ ഫാമുകളിൽ പ്രവേശിക്കുമ്പോൾ അണുനാശിനികൾ ഉപയോഗിക്കണം.
എന്താണ് എച്ച്5എൻ1
പക്ഷികളെ ബാധിക്കുന്ന തീവ്രമായ ഇൻഫ്ലുവൻസ എ വൈറസാണ് എച്ച്5എൻ1. ഇത് കോഴികളിലും മറ്റ് പക്ഷികളിലും അതിവേഗം പടരുകയും കൂട്ടമരണത്തിന് കാരണമാവുകയും ചെയ്യും. മനുഷ്യരിലേക്ക് പടരുന്നത് വളരെ അപൂർവ്വമാണെങ്കിലും, ബാധിച്ചാൽ അത് ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്കും ന്യൂമോണിയയ്ക്കും കാരണമായേക്കാം. വന്യജീവി വിഭാഗവും ആരോഗ്യവകുപ്പും സംയുക്തമായി നഗരത്തിൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. വനപാലകർ പക്ഷികളുടെ മരണം കൃത്യമായി റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശമുണ്ട്. രോഗലക്ഷണങ്ങൾ കാണിക്കുന്ന പക്ഷികളുടെ പോസ്റ്റ്മോർട്ടം പാടങ്ങളിൽ വെച്ച് നടത്തുന്നത് ഒഴിവാക്കി പ്രത്യേക ലാബുകളിലേക്ക് അയക്കാനും തീരുമാനമായിട്ടുണ്ട്.


