'ഹിന്ദുക്കളാണ് ഇന്ത്യയുടെ കാതൽ'; ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി

By Web TeamFirst Published Feb 9, 2020, 12:14 PM IST
Highlights

''ആരെങ്കിലും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന് ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ഹൈന്ദവ സമുദായത്തിന് വേണ്ടി പ്രവർത്തിക്കണം.'' സുരേഷ് ഭയ്യാജി പറഞ്ഞു. 

പനാജി: ഇന്ത്യയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ ആരെങ്കിലും ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ഹൈന്ദവർക്ക് വേണ്ടി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്ത് ആർഎസ്എസ് ​ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ഹൈന്ദവരാണ് ഇന്ത്യയുടെ കാതൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'വിശ്വ​ഗുരു ഭാരത്- ആർഎസ്എസ് കാഴ്ചപ്പാടിൽ' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ​ഗോവയിൽ  സംഘടിപ്പിച്ച രഹസ്യ​യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഭയ്യാജി. 

''ഹിന്ദുക്കളിൽ നിന്നു ഇന്ത്യയെ വിഭജിക്കാൻ ഒരിക്കലും സാധിക്കില്ല. ഇന്ത്യ ഇപ്പോഴും 'ജീവിക്കുന്നു' എങ്കിൽ  അതിന് കാരണം ഹൈന്ദവരാണ്. ഈ രാജ്യത്തിന്റെ കാതൽ എന്ന് പറയുന്നത് തന്നെ ഹിന്ദുക്കളാണ്. അതുകൊണ്ട്, ആരെങ്കിലും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന് ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ഹൈന്ദവ സമുദായത്തിന് വേണ്ടി പ്രവർത്തിക്കണം.'' സുരേഷ് ഭയ്യാജി പറഞ്ഞു. ''ഹിന്ദുക്കൾക്കും ഹിന്ദുസമുദായത്തിനും വേണ്ടി പ്രവർത്തിക്കുമ്പോൾ ഹിന്ദു സമൂഹത്തെ ശക്തിപ്പെടുത്താനും അവരിൽ അവബോധം സൃഷ്ടിക്കാനും സാധിക്കും.'' ഭയ്യാജി കൂട്ടിച്ചേർത്തു. 

മറ്റു സമുദായങ്ങൾക്ക് എതിരെ പ്രവർത്തിക്കണമെന്നല്ല താൻ അർത്ഥമാക്കിയതെന്നും എന്നാൽ പ്രഥമസ്ഥാനം ഹിന്ദു സമുദായത്തിനായിരിക്കണമെന്നും സുരേഷ് ഭയ്യാജി ചൂണ്ടിക്കാണിച്ചു. ഹിന്ദുക്കൾക്ക് വളരെ ഉന്നതമായ നാ​ഗരികതയുണ്ടെന്നും ഇന്ത്യയുടെ ഉയർച്ചതാഴ്ചകൾക്ക് സാക്ഷികളായവരാണ് ഹിന്ദുക്കളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ''ഇന്ത്യ ഒരിക്കലും ഇല്ലാതാകില്ല. നിരവധി അടിച്ചമർത്തലുകൾക്ക് വിധേയമായ രാഷ്ട്രമാണിത്. എന്നാൽ എപ്പോഴും ഉയർത്തെഴുന്നറ്റിട്ടുണ്ട്. ഇന്ത്യ നിത്യ‌തയിൽ നിന്നുള്ളതാണ്. അതുകൊണ്ട് നിത്യതയിൽ തന്നെ നിലനിൽക്കും. ആ അർത്ഥത്തിൽ ഹിന്ദു സമാജം ഒരിക്കലും അവസാനിക്കില്ല.'' സുരേഷ് ഭയ്യാജി വിശ​ദീകരിച്ചു.

ഈ ലോകത്തെ ചില കാര്യങ്ങൾ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വവും പങ്കാളിത്തവും ഹിന്ദുക്കൾക്കുണ്ട്. ചില സമുദായങ്ങളും ചില വിശ്വാസങ്ങളും അവരുടെ പാതയിലൂടെ മാത്രം സഞ്ചരിക്കുകയാണെന്നു അദ്ദേഹം വ്യക്തമാക്കി. ഏകീകരണത്തിന്റെ പാതയെക്കുറിച്ച് ലോകത്തെ പഠിപ്പിക്കാൻ ഇന്ത്യയ്ക്കല്ലാതെ, ഹിന്ദുക്കൾക്കല്ലാതെ മറ്റാർക്കും സാധിക്കുകയില്ലെന്നും സുരേഷ് ഭയ്യാജി അവകാശപ്പെട്ടു. ഈ ആശയം പ്രാവർത്തികമാക്കിയാൽ ലോകത്തെ ഭൂരിപക്ഷം പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

click me!