
അഹമ്മദാബാദ്: 2008ലെ അഹമ്മദാബാദ് സ്ഫോടനക്കേസിൽ 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു. 11 പ്രതികൾക്ക് ചുമത്തിയ ജീവപര്യന്തം തടവുശിക്ഷയിലും മാറ്റമില്ല. പ്രതികളിൽ മൂന്നു പേർ മലയാളികൾ ആണ്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കൽ, രാജ്യദ്രോഹം, ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കാളികളാകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരയിൽ 56 പേരാണ് കൊല്ലപ്പെട്ടത്.
പ്രത്യേക കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് പ്രതികൾ സമർപ്പിച്ച എല്ലാ അപ്പീലുകളും ജസ്റ്റിസുമാരായ എ വൈ കോഗ്ജെ, സമീർ ദവെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. നിരോധിത ഭീകരസംഘടനയായ ഇന്ത്യൻ മുജാഹിദ്ദീൻ അംഗങ്ങളാണ് ശിക്ഷിക്കപ്പെട്ടവർ. രാജ്യത്തെ നടുക്കിയ 2008ലെ സ്ഫോടന പരമ്പരയിൽ 70 മിനിട്ടിനിടെ 21 ബോംബ് സ്ഫോടനങ്ങളാണ് ഉണ്ടായത്. ആദ്യഘട്ട സ്ഫോടനങ്ങളിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളെപ്പോലും ലക്ഷ്യമിട്ടായിരുന്നു പിന്നീടുള്ള ആക്രമണങ്ങൾ നടന്നത്. 56 പേർ കൊല്ലപ്പെടുകയും 200ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2022ലാണ് പ്രത്യേക കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കേസിൽ ആകെ 78 പ്രതികളാണ് വിചാരണ നേരിട്ടത്. അതിൽ 49 പേരെ 2022 ഫെബ്രുവരിയിൽ പ്രത്യേക കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
ഭീകരാക്രമണത്തിന് ഇരകളായവർക്കും അവരുടെ കുടുംബങ്ങൾക്കും അർഹമായ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഗുജറാത്ത് സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുംടുംബത്തിന് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 5 ലക്ഷം രൂപ വീതവും ധനസഹായം നൽകാനാണ് ഉത്തരവ്. ഈ തുക 2027 മാർച്ച് 30-നകം വിതരണം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. ഇന്ത്യൻ നിയമ ചരിത്രത്തിൽ അപൂർവ്വമായാണ് ഒരൊറ്റ കേസിൽ ഇത്രയധികം പ്രതികൾക്ക് കോടതി വധശിക്ഷ വിധിക്കുന്നത് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്.
ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിയമ പോരാട്ടത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിതെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഹർഷ സംഘവി വിശേഷിപ്പിച്ചു. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കിയ വിധി ചരിത്രപരമാണെന്നും ഭീകരവാദത്തെ രാജ്യം വെച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശമാണ് ഇത് ലോകത്തിന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. യാതൊരു നിയമപരമായ വീഴ്ചകളും വരുത്താതെ കൃത്യമായ തെളിവുകൾ നിരത്തിയ അന്വേഷണ ഏജൻസികളെയും പ്രോസിക്യൂഷനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam