
ഭുവനേശ്വര്‍: ഇന്ത്യയുടെ മുന്‍ ഹോക്കി ക്യാപ്റ്റന്‍ പ്രബോധ് ടിര്‍ക്കി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്‍റെ ഒഡീഷയിലെ ആസ്ഥാനത്തുവെച്ചാണ് അംഗത്വം സ്വീകരിച്ചത്. അടുത്ത വർഷം നടക്കുന്ന ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശരത് പട്ടനായക്, വക്താവ് എ ചെല്ല കുമാർ, ജട്നി എംഎല്‍എ സുരേഷ് റൂട്രെ, ഒഡീഷ കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി തലവന്‍ ബിയജ് പട്നായിക് തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് പ്രബോധ് ടിര്‍ക്കി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. രാഹുൽ ഗാന്ധിയുടെ പ്രവർത്തനം തന്നെ ആഴത്തിൽ സ്വാധീനിച്ചതിനാലാണ് കോണ്‍ഗ്രസില്‍ ചേരാൻ തീരുമാനിച്ചതെന്നും തന്റെ കുടുംബത്തിന് കോൺഗ്രസുമായി ദീർഘകാലത്തെ ബന്ധമുണ്ടെന്നും ടിർക്കി പറഞ്ഞു.
സുന്ദർഗഡ് ജില്ലയിലെ തൽസറയില്‍ നിന്ന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുൻ ഹോക്കി താരം ആഗ്രഹം പ്രകടിപ്പിച്ചു. ഗോത്രവർഗക്കാര്‍ക്ക് ആധിപത്യമുള്ള മണ്ഡലമാണിത്. തൽസറ പ്രദേശത്തെ ജനങ്ങൾ അവഗണിക്കപ്പെടുകയാണെന്ന് ടിര്‍ക്കി വിമര്‍ശിച്ചു. ആദിവാസികൾക്ക് സർക്കാർ പദ്ധതികളിൽ നിന്ന് ഒരു പ്രയോജനവും ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2000ൽ ജൂനിയർ ഏഷ്യാ കപ്പിലാണ് ടിർക്കി അരങ്ങേറ്റം കുറിച്ചത്. സബ് ജൂനിയർ, ജൂനിയർ, ഇന്ത്യ-എ ടീമുകളുടെ ദേശീയ ക്യാപ്റ്റനായിരുന്ന അദ്ദേഹം ഒടുവിൽ ഇന്ത്യൻ സീനിയർ ടീം ക്യാപ്റ്റനായി. രാജ്യത്തിനുവേണ്ടി 135 അന്താരാഷ്ട്ര മത്സരങ്ങൾ അദ്ദേഹം കളിച്ചു. 2007ൽ ചെന്നൈയിൽ നടന്ന ഏഷ്യാ കപ്പ് നേടിയ ഇന്ത്യൻ ഹോക്കി ടീമില്‍ ടിര്‍ക്കിയുണ്ടായിരുന്നു. 2001ൽ ഏകലവ്യ പുരസ്‌കാരവും 2009ൽ ബിജു പട്‌നായിക് സംസ്ഥാന കായിക അവാർഡും പ്രബോധ് ടിര്‍ക്കിക്ക് ലഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam