
ദില്ലി: ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ പ്രതിപക്ഷ നേതാക്കൾ മിണ്ടുന്നില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഡിഎംകെ സനാതന ധർമ വിശ്വാസികളെ അവഹേളിച്ചെന്നും രാഹുൽ ഗാന്ധിക്കും മല്ലികാർജ്ജുൻ ഖാർഗെയ്ക്കും സോണിയ ഗാന്ധിക്കും ഒന്നും പറയാനില്ലെന്നും രാജ്നാഥ് സിംഗ് രാജസ്ഥാനിൽ പറഞ്ഞു. ഉദയ നിധി സ്റ്റാലിൻ്റെ സനാതന ധർമ വിരുദ്ധ പരാമർശം 'ഇന്ത്യ' സഖ്യത്തിന് എതിരെ ആയുധമാക്കുകയാണ് ബിജെപി. സഖ്യ കക്ഷിയുടെ അഭിപ്രായം തന്നെയാണോ മറ്റുള്ളവർക്കെന്ന ചോദ്യമാണ് ബിജെപിയുടെ നേതാക്കൾ 'ഇന്ത്യ' സഖ്യത്തിലെ കോൺഗ്രസ് ഉൾപ്പടെയുള്ള കക്ഷികളോട് ഉന്നയിക്കുന്നത്.
വിവാദം കനത്തതോടെ വിഷയത്തിൽ കോൺഗ്രസ്സ് നിലപാട് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തെത്തി. സർവ ധർമ സമഭാവനയാണ് കോണ്‍ഗ്രസിനുള്ളതെന്ന് കെസി വേണുഗോപാൽ പറഞ്ഞു.ഓരോ പാർട്ടിക്കും അവരുടെ നിലപാട് പറയാൻ അവകാശം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഉദയനിധിക്കെതിരെ തമിഴ്നാട്ടില്‍ പ്രക്ഷോഭം ശക്തമാവുകയാണ്. സംസ്ഥാന വ്യാപകമായി കേസ് കൊടുക്കുമെന്ന് തമിഴ്നാട് ഹിന്ദു മക്കൾ കക്ഷി വ്യക്തമാക്കി. വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവർ വ്യക്തമാക്കി. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി തമിഴ്നാട് ഗവർണര്‍ക്ക് ബിജെപി സംസ്ഥാന സെക്രട്ടറി കത്ത് നൽകി.