
അഗര്‍ത്തല: ത്രിപുരയില്‍ കോണ്‍ഗ്രസുമായി ചർച്ച നടത്തുമെന്ന് സ്ഥിരീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസും തിപ്ര മോത പാർട്ടിയുമായി സീറ്റ് ധാരണകളെ കുറിച്ച് ചർച്ച നടത്തുമെന്ന് യെച്ചൂരി ദില്ലിയില്‍ പറഞ്ഞു. സംസ്ഥാന ഘടകമാണ് ചർച്ചകള്‍ നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കെതിരെ മതേതര പാര്‍ട്ടികളെ ഒന്നിപ്പിച്ച് ധാരണയില്‍ മത്സരിക്കണമെന്ന് ത്രിപുരയില്‍ ചേർന്ന സംസ്ഥാന സമതി യോഗം തീരുമാനമെടുത്തിരുന്നു.
അതേസമയം, 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥിയുണ്ടാകാൻ സാധ്യതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് മൂന്നക്കം കടന്നാൽ 2004,2009 മാതൃകയിൽ മുന്നണി ഉണ്ടായേക്കാം. ഭാരത് ജോഡോ യാത്ര ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കോൺഗ്രസിനെ സഹായിക്കുന്നു. പ്രതികരണങ്ങൾ എത്രത്തോളം സംഘടനപരമായി ഗുണകരമെന്നത് കാത്തിരുന്നു കാണണം.
പാർലമെന്‍റില്‍ മതേതരകക്ഷികളെ ഒന്നിപ്പിക്കാൻ കഴിയുന്ന ഏക പാർട്ടി സിപിഎമ്മാണെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ യെച്ചൂരി പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായി സംസ്ഥാന തലത്തില്‍ ധാരണയുണ്ടാക്കുന്നതില്‍ പ്രശ്നമില്ലെന്നും എന്നാല്‍ സഖ്യം വേണ്ടെന്നുമാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബംഗാളില്‍ നീക്കുപോക്കുണ്ടാക്കിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം.
എന്നാല്‍ ത്രിപുരയിലെ സ്ഥിതി അങ്ങനെയല്ലെന്നാണ് ബിജെപിയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് വിട്ട് തിപ്ര മോത പാര്‍ട്ടി രൂപികരിച്ച പ്രത്യുദ് ദേബ്‍ബർമനുമായി കോണ്‍ഗ്രസ് നേതൃത്വം ചർച്ച നടത്തുന്നുണ്ട്. പ്രിയങ്ക ഗാന്ധിയുമായി നല്ല ബന്ധം പുലർത്തുന്ന പ്രത്യുദിന്‍റെ പാര്‍ട്ടിക്ക് ഇരുപതോളം ഗോത്രവിഭാഗങ്ങള്‍ക്ക് മേധാവിത്വമുള്ള സീറ്റുകളില്‍ മേല്‍ക്കൈ ഉണ്ട്. പ്രത്യുദിനെ ഒപ്പം നിര്‍ത്തി ത്രിപുരയില്‍ സിപിഎം കോണ്‍ഗ്രസ് സഹകരണത്തിനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.