നൂറ് രൂപ കൈക്കൂലിയെച്ചൊല്ലി പതിനാലുകാരന്റെ മുട്ടക്കട തകർത്തെന്ന ആരോപണം; സഹായവാ​ഗ്ദാനവുമായി നിരവധി പേർ

Web Desk   | Asianet News
Published : Jul 26, 2020, 05:07 PM IST
നൂറ് രൂപ കൈക്കൂലിയെച്ചൊല്ലി പതിനാലുകാരന്റെ മുട്ടക്കട തകർത്തെന്ന ആരോപണം; സഹായവാ​ഗ്ദാനവുമായി നിരവധി പേർ

Synopsis

രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള വ്യക്തികളാണ് ഈ കൗമാരക്കാരനെ സഹായിക്കാൻ സന്നദ്ധത അറിയിച്ച് എത്തിയിരിക്കുന്നത്.  

ഇൻഡോർ: മുട്ടവ്യാപാരം നടത്തിയിരുന്ന പതിനാലുകാരന്റെ ഉന്തുവണ്ടി ന​ഗരസഭാ അധികൃതർ തകർത്തെന്ന ആരോപണം ഉൾപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കൈക്കൂലി നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് അധികൃതർ ഈ കൗമാരക്കാരനോട് നിർദ്ദയം പെരുമാറിയത്. എന്നാൽ സംഭവം വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഇൻഡോർ സ്വദേശിയായ പതിനാലുകാരന് സഹായപ്രവാഹമാണ്. രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള വ്യക്തികളാണ് ഈ കൗമാരക്കാരനെ സഹായിക്കാൻ സന്നദ്ധത അറിയിച്ച് എത്തിയിരിക്കുന്നത്.

ഈ കുട്ടിയുടെയും സഹോദരങ്ങളുടെയും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാൻ പലരും തയ്യാറായിട്ടുണ്ട്. കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും തങ്ങൾക്ക് പിന്തുണ അറിയിച്ചതായി കുടുംബം അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് റൈറ്റ്-ലെഫ്റ്റ് സംവിധാനമാണ് കടകൾ തുറക്കുന്നതിൽ നടപ്പാക്കിയിരിക്കുന്നത്. ആളുകള്‍ കൂട്ടം കൂടുന്നത് കുറയാനായി റോഡിനെ ഒരു വശത്തെ കടകള്‍ ഒരു ദിവസവും എതിര്‍ വശത്തെ കടകള്‍ അടുത്ത ദിവസം തുറക്കുകയും ചെയ്യുന്ന രീതിയാണിത്. 

റോഡ് സൈഡിൽ ഉന്തുവണ്ടിയിൽ കച്ചവടം ചെയ്യണമെങ്കിൽ നൂറ് രൂപ കൈക്കൂലി കൊടുക്കണമെന്ന് ന​ഗര സഭാ അധികൃതർ ആവശ്യപ്പെട്ടു. എന്നാൽ ഇത് വിസമ്മതിച്ചതിന് പിന്നാലെ ഇവർ‌ ഉന്തുവണ്ടി റോഡിൽ മറിച്ചിട്ട് മുട്ടകൾ നശിപ്പിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ദൈനംദിന വ്യാപാരം വളരെയധികം കുറഞ്ഞെന്ന് കുട്ടി പറയുന്നത് വീഡിയോയിൽ കേൾക്കാം. 

വിവിധ സ്ഥലങ്ങളിൽ നിന്നായി സഹായം വാ​ഗ്ദാനം ചെയ്ത് നിരവധി പേർ എത്തുന്നുണ്ടെന്ന് ആ കുടുംബം സന്തോഷത്തോടെ പറയുന്നു. ഇൻഡോറിലെ ബിജെപി എംഎൽഎ രമേഷ് മെണ്ടോല, പ്രധാൻമന്ത്രി ആവാസ് യോജന പദ്ധതിയിലുൾപ്പെടുത്തി വീട് അനുവദിച്ചിട്ടുണ്ട്. കൂടാതെ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ​ദി​ഗ്‍വിജയ് സിം​ഗ് പതിനാലുകാരന്റെയും സഹോദരങ്ങളുടെയും വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി