ദില്ലി കത്തുന്നു; 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗം വിളിച്ച് അമിത് ഷാ

By Web TeamFirst Published Feb 26, 2020, 12:15 AM IST
Highlights

24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗമാണ് അമിത് ഷാ വിളിച്ച് ചേര്‍ത്തത്. മൂന്ന് മണിക്കൂറോളം യോഗം നീണ്ടു. പുതിയതായി നിയമിച്ച സ്പെഷ്യല്‍ ദില്ലി കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവയും യോഗത്തില്‍ പങ്കെടുത്തു

ദില്ലി: വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ട ദില്ലിയില്‍ സ്ഥിതി കൂടുതല്‍ മോശമാകുമ്പോള്‍ വീണ്ടും യോഗം വിളിച്ച് അമിത് ഷാ. 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗമാണ് അമിത് ഷാ വിളിച്ച് ചേര്‍ത്തത്. മൂന്ന് മണിക്കൂറോളം യോഗം നീണ്ടു. പുതിയതായി നിയമിച്ച സ്പെഷ്യല്‍ ദില്ലി കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവയും യോഗത്തില്‍ പങ്കെടുത്തു. 

നേരത്തെ, കലാപ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നത്. ആവശ്യത്തിന് സേനയെ കലാപബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അമിത് ഷാ പറയുന്നു. ഇതിനിടെയാണ് 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗം അമിത് ഷാ വിളിച്ചത് എന്നുള്ളതാണ് ശ്രദ്ധേയം.

ദില്ലിയില്‍ രാത്രിയിലും സംഘര്‍ഷങ്ങള്‍ തുടരുകയാണ്. പലയിടത്തും പൊലീസ് സാന്നിധ്യം ഇപ്പോഴുമില്ല. കലാപകാരികള്‍ റോഡുകളില്‍ തമ്പടിച്ച് വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന്‍റെ വാഹനവും തടഞ്ഞ് പരിശോധിച്ചു. ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്പുര്‍ എന്നിവിടങ്ങളിലാണ് സംഘര്‍ഷം നടക്കുന്നത്.

അതേസമയം, ദില്ലി കലാപത്തില്‍ ആകെ 13 പേര്‍ മരണപ്പെട്ടതായി ഗുരു തേജ് ബഹാദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിനിടെ കലാപം പടരുന്ന ദില്ലിയില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചു. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇപ്പോഴും ദില്ലിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.

 ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ പിന്‍വലിച്ചതായി ചില മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ദില്ലി പൊലീസ് നിലപാട് വ്യക്തമാക്കിയത്. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ ദില്ലിയില്‍ അടുത്ത മുപ്പത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

അതിനിടെ അശോക് നഗറില്‍ ഒരു മുസ‍്ലീം പള്ളി അക്രമിച്ചു തകര്‍ത്തതായി പുറത്തു വന്ന വാര്‍ത്തകള്‍ വ്യാജമാണെന്നാണ് ദില്ലി നോര്‍ത്ത് വെസ്റ്റ് ഡിസിപിയുടെ അവകാശവാദം. അശോക് വിഹാറിലെവിടെയും ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് അവകാശപ്പെട്ട
പൊലീസ് ഇത്തരം വ്യാജവാര്‍ത്തകള്‍ ദയവായി പ്രചരിപ്പിക്കരുതെന്നാണ് ഡിസിപി പറയുന്നത്. 

click me!