'ആഭ്യന്തരമന്ത്രി കള്ളം പറയുന്നു'; താന്‍ വീട്ടുതടങ്കലിലായിരുന്നുവെന്ന് ഫാറൂഖ് അബ്ദുള്ള

By Web TeamFirst Published Aug 6, 2019, 7:31 PM IST
Highlights

'ആഭ്യന്തരമന്ത്രി എന്‍റെ അഭാവത്തെക്കുറിച്ച് സഭയില്‍ പറഞ്ഞതെല്ലാം നുണയാണ്'

ദില്ലി: ആഭ്യന്തരമന്ത്രി അമിത് ഷാ കള്ളം പറയുകയാണെന്നും താന്‍ വീട്ടുതടങ്കലിലായിരുന്നുവെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള. 'ആഭ്യന്തരമന്ത്രി എന്‍റെ അഭാവത്തെക്കുറിച്ച് സഭയില്‍ പറഞ്ഞതെല്ലാം നുണയാണ്. ഞാന്‍ തടവിലായിരുന്നു. ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശമില്ലെങ്കില്‍ പിന്നെയെങ്ങനെയാണ് ഞാന്‍ വീട്ടുതടങ്കലില്‍ ആയതെന്നും അദ്ദേഹം ചോദിച്ചു. 

ജമ്മുകശ്മീരില്‍ നിന്നുള്ള എംപിയായ ഫാറുഖ് അബ്ദുള്ളയുടെ അസാന്നിധ്യം സഭയില്‍ ഇന്ന് ചര്‍ച്ചയായിരുന്നു. എന്‍സിപി നേതാവ് സുപ്രിയ സുലേയാണ് ഫാറുഖ് അബ്ദുള്ളയുടെ അസാന്നിധ്യത്തെക്കുറിച്ച് ആദ്യം സൂചിപ്പിച്ചത്. എന്‍റെ അടുത്താണ് സാധാരണ അദ്ദേഹം ഇരിക്കാറുള്ളത്. എന്നാല്‍ ഇന്ന് അദ്ദേഹം ഇതുവരെയും എത്തിയിട്ടില്ലെന്നും അന്വേഷിക്കണമെന്നുമാണ് സുപ്രിയാ സുലേ സഭയില്‍ വ്യക്തമാക്കിയത്. ഡിഎംകെ നേതാവ് ദയാനിധി മാരനും ഫാറൂഖ് അബ്ദുള്ളയെ കാണ്മാനില്ലെന്നും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നുവെന്നും സഭയില്‍ പറഞ്ഞു. 

തുടര്‍ന്നാണ് ഫാറുഖ് അബ്ദുള്ള അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി അമിത് ഷാ രംഗത്തെത്തിയത്. 'അദ്ദേഹത്തെ ആരും അറസ്റ്റ് ചെയ്യുകയോ തടവില്‍ വെയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം വീട്ടില്‍ ഇരിക്കുകയാണെന്നുമാണ് അമിത് ഷാ സഭയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഫാറൂഖ് അബ്ദുള്ള താന്‍വീട്ട് തടങ്കലില്‍ ആയിരുന്നുവെന്ന് വ്യക്തമാക്കിയതോടെ അമിത്ഷായുടെ  ഈ വാദം പെളിയുകയാണ്. 

click me!