ജോലിക്ക് ഭൂമി അഴിമതി കേസ്: ലാലു പ്രസാദ് യാദവിനെ വിചാരണ ചെയ്യാൻ ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി

Published : Sep 12, 2023, 01:23 PM ISTUpdated : Sep 12, 2023, 01:25 PM IST
ജോലിക്ക് ഭൂമി അഴിമതി കേസ്: ലാലു പ്രസാദ് യാദവിനെ വിചാരണ ചെയ്യാൻ ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി

Synopsis

ദില്ലി റോസ് അവന്യൂ കോടതിയെ സിബിഐ അറിയിച്ചതാണിത്

ദില്ലി: ജോലിക്ക് ഭൂമി അഴിമതി കേസില്‍ മുൻ റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവിനെ വിചാരണ ചെയ്യാൻ അനുമതി. ആഭ്യന്തര മന്ത്രാലയമാണ് വിചാരണയ്ക്ക് അനുമതി നല്‍കിയത്. ദില്ലി റോസ് അവന്യൂ കോടതിയെ സിബിഐ ഇക്കാര്യം അറിയിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി പി സിങ്, സിബിഐ കോടതി പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയലിനെയാണ് വിചാരണയ്ക്ക് അനുമതി ലഭിച്ചെന്ന് അറിയിച്ചത്.

കേസില്‍ ഉള്‍പ്പെട്ട റെയില്‍വെ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാനുള്ള  അനുമതി ഒരാഴ്ചക്കുള്ളില്‍ ലഭിക്കുമെന്നും സിബിഐ അറിയിച്ചു. സെപ്തംബർ 21ന് കോടതി കേസ് വീണ്ടും പരിഗണിക്കും

2004 മുതൽ 2009 വരെ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവെ മന്ത്രിയായിരിക്കെ ഗ്രൂപ്പ് ഡി തസ്തികയിലുള്ള ജോലിക്ക് പകരം കൈക്കൂലിയായി ഭൂമി വാങ്ങിയെന്നാണ് കേസ്. 2022 മേയ് 18നാണ് സി.ബി.ഐ കേസെടുത്തത്. ലാലു പ്രസാദ് യാദവിനൊപ്പം ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മകൻ തേജസ്വി യാദവ്, മകൾ മിസ ഭാരതി, റെയില്‍വെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 16 പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

കേന്ദ്ര ഏജന്‍സികളെ സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുകയാണെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കുന്നതിനിടെയാണ് സിബിഐയും ഇഡിയും ഇക്കാര്യത്തിലെ നടപടികളുമായി മുന്നോട്ട് പോയത്. ലാലു പ്രസാദ് യാദവിനെയും കുടുംബത്തെയും സിബിഐ നേരത്തെ ചോദ്യംചെയ്തിരുന്നു. തേജസ്വി യാദവിന്റെ വീട്ടിലുൾപ്പെടെ നിരവധി ഇടങ്ങളിൽ ഇഡിയും പരിശോധന നടത്തി. പാട്ന, റാഞ്ചി, മുംബൈ, ബീഹാർ തുടങ്ങിയ ഇടങ്ങളിലും തേജസ്വി യാദവിന്റെ ദില്ലിയിലെ വസതിയിലുമാണ് പരിശോധന നടന്നത്.  

ബിജെപിക്കെതിരെ നിൽക്കുന്നവരെ ബുദ്ധിമുട്ടിക്കുകയും ബിജെപിയോട് സഖ്യമുണ്ടാക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് അന്വേഷണ ഏജൻസികൾ സ്വീകരിക്കുന്നതെന്ന് തേജസ്വി യാദവ് നേരത്തെ ആരോപിക്കുകയുണ്ടായി. ലാലു പ്രസാദിന്‍റെ വീട്ടില്‍ നിന്ന് 600 കോടിയുടെ അഴിമതിയുടെ തെളിവ് കിട്ടിയെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ റിപ്പോര്‍ട്ടും തേജസ്വി തള്ളിക്കളഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും
ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?