'ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്' മുകേഷ് അംബാനിയുടെ സുരക്ഷ ഇസഡ് പ്ലസ് കാറ്റഗറിയിലേക്ക് ഉയർത്തി, റിപ്പോർട്ട്

By Web TeamFirst Published Oct 1, 2022, 7:24 PM IST
Highlights

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ സുരക്ഷ ഇസഡ് പ്ലസ് കാറ്റഗറിയായി ആഭ്യന്തര മന്ത്രാലയം ഉയർത്തിയതായി റിപ്പോർട്ട്.

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ സുരക്ഷ ആഭ്യന്തര മന്ത്രാലയം ഇസഡ് പ്ലസ് കാറ്റഗറിയായി ഉയർത്തിയതായി റിപ്പോർട്ട്. രാജ്യത്ത് സഞ്ചരിക്കുമ്പോൾ പൈലറ്റ് വാഹനങ്ങളും ആംഡ് കമാൻഡോസും അടക്കമുള്ള ഇസഡ് കാറ്റഗറി സുരക്ഷയാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. സുരക്ഷ ഇസഡ് പ്ലസ് കാറ്റഗറിയായി ഉയർത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ഇന്റലിജൻസും സുരക്ഷാ ഏജൻസികളും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംബാനിക്കും കുടുംബത്തിന് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുത്തതെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നത്. 

കഴിഞ്ഞ ഓഗസ്റ്റിൽ അംബാനിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ  ഒരാളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭീഷണി സന്ദേശങ്ങളുടെ പശ്ചാത്തലത്തിൽ റിലയൻസ് ഫൌണ്ടേഷൻ ഹോസ്പിറ്റൽ പൊലീസിന് പരാതി നൽകിയിരുന്നു. നിരന്തരം അംബാനിക്കെതിരെ ഭീഷണി സന്ദേശങ്ങൾ എത്തുവെന്നായിരുന്നു പരാതി.

കഴിഞ്ഞ വർഷം അംബാനിയുടെ വീടിന് സമീപം  സ്ഫോടക വസ്തുക്കളുമായി എസ്യുവി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ജൂലൈയിൽ മുംബൈയിലുള്ള മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ നൽകാൻ സുപ്രിംകോടതി അനുമതി നൽകുകയും ചെയ്തിരുന്നു. തൃപുര ഹൈക്കോടതിയുടെ പൊതുതാൽപര്യ ഹർജിയിലുള്ള വിധി ചോദ്യം ചെയ്ത് സർക്കാർ ഹർജിയിലായിരുന്നു സുപ്രിംകോടതി വിധി.

Read more: രാജ്യത്തുടനീളം 5ജി സേവനങ്ങൾ; 2023 ഡിസംബറോടെ പ്രാവർത്തികമാക്കുമെന്ന് മുകേഷ് അംബാനി

മുകേഷ് അംബാനിക്ക്  സുരക്ഷ നൽകുന്നത് സംബന്ധിച്ചും അദ്ദേഹത്തിനെതിരായ ഭീഷണികൾ സംബന്ധിച്ചും ആഭ്യന്തര മന്ത്രാലയത്തിന്റെ കയ്യിലുള്ള മുഴുവൻ രേഖകളും ഹാജറാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മുകേഷ് അംബാനിക്കും കുടുംബത്തിനും എന്ത് ഭീഷണിയാണുള്ളതെന്നും അത് വ്യക്തമാക്കുന്ന രേഖകളെന്താണെന്നുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. രണ്ട് ഇടക്കാല ഉത്തരവുകളിലൂടെ ആയിരുന്നു കോടതി അംബാനിയുടെ സുരക്ഷ ചോദ്യം ചെയ്തത്.

click me!