
ചെന്നൈ: വീട്ടമ്മയ്ക്കും ഭർത്താവിന്‍റെ സ്വത്തിൽ തുല്യാവകാശം എന്ന ശ്രദ്ധേയമായ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. സ്വന്തം അധ്വാനത്തിലൂടെ ഭർത്താവ് വാങ്ങിയ സ്വത്തിലും വീട്ടമ്മയ്ക്ക് അവകാശമുണ്ട്. വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിൽ ഭാര്യയുടെ അധ്വാനം വിലമതിക്കാനാകാത്തതാണ്. ഭർത്താവിന് സമ്പാദിക്കാൻ സ്വന്തം അവര്‍ സ്വപ്നങ്ങൾ ത്യജിക്കുന്നുണ്ടെന്നും കുടുംബ സ്വത്ത് സമ്പാദിക്കുന്നതിനായി വീട്ടമ്മമാര്‍ തുല്യമായി സംഭാവനകള്‍ നല്‍കുന്നുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
അതുകൊണ്ട് ഭർത്താവ് സ്വന്തം പേരിൽ സമ്പാദിക്കുന്ന എല്ലാ സ്വത്തുക്കളുടെയും പകുതി ഓഹരിക്ക് വീട്ടമ്മയ്ക്കും അർഹതയുണ്ട്. ജൂൺ 21ന് മദ്രാസ് ഹൈക്കോടതി ജഡ്ജി കൃഷ്ണൻ രാമസ്വാമി പുറപ്പെടുവിച്ച ഒരു വിധിന്യായത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ഭാര്യ നേരിട്ടോ അല്ലാതെയോ നൽകുന്ന സംഭാവനകളെ അംഗീകരിക്കാൻ ഇന്ത്യയിൽ ഇതുവരെ നിയമനിർമ്മാണം നടത്തിയിട്ടില്ലെങ്കിലും അത്തരം സംഭാവനകളെ കോടതിക്ക് നന്നായി തിരിച്ചറിയാൻ കഴിയുമെന്ന് ഉത്തരവിൽ പറയുന്നു.
കുടുംബത്തിന്റെ ക്ഷേമത്തിനായി ഭാര്യാഭർത്താക്കന്മാർ രണ്ട് പേരും നേരിട്ടോ അല്ലാതെയോ സംയുക്ത സംഭാവന നൽകിയാണ് ആസ്തികൾ സമ്പാദിക്കുന്നത്. അതുകൊണ്ട് ഇരുവർക്കും തുല്യ വിഹിതത്തിന് അർഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മരിച്ച ഭർത്താവിന്റെ പേരിലുള്ള സ്വത്തുക്കളിൽ ഒരു പങ്ക് ആവശ്യപ്പെട്ട് കംസല അമ്മാള്‍ എന്ന വീട്ടമ്മ നൽകിയ അപ്പീൽ അനുവദിച്ചു കൊണ്ടാണ് ജഡ്ജി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സ്വത്തുക്കളിൽ അമ്മാളിന്‍റെ അവകാശവാദം ആദ്യം അവരുടെ ഭർത്താവും അദ്ദേഹത്തിന്‍റെ മരണശേഷം മക്കളും എതിർത്തിരുന്നു. 2015ൽ അമ്മാളിന്‍റെ അവകാശവാദം പ്രാദേശിക കോടതി നിരസിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മാള്‍ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കുകയായിരുന്നു. ഭർത്താവിന്‍റെ സ്വന്തം സമ്പാദ്യമാണെങ്കിലും അമ്മാളിന് 50 ശതമാനം ഓഹരി ലഭിക്കുമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. രണ്ട് ബാങ്ക് ലോക്കറുകളിലായുള്ള ആസ്തികള്‍ ഭര്‍ത്താവ് അമ്മാളിന് വേണ്ടി വാങ്ങിയതാണെന്നും അതിനാല്‍ അവ അവര്‍ക്ക് മാത്രം ഉള്ളതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...