ഹണിട്രാപ്പ്: നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയ 13 നാവികസേനാ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

By Web TeamFirst Published Feb 16, 2020, 6:45 PM IST
Highlights

പാകിസ്ഥാൻ ചാരസംഘടനയുമായി ബന്ധമുള്ളവർ ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ പെടുത്തിയിരുന്നു. ഹണിട്രാപ്പിൽ കുടുങ്ങിയ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി.

ദില്ലി: സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചുള്ള ഹണിട്രാപ്പ് കേസില്‍ കുടുങ്ങിയ 13 ന‌ാവികസേന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ രഹസ്യാന്വേഷണ സംഘത്തിന് ഹണിട്രാപ്പിന് ഇരയായ ഉദ്യോഗസ്ഥര്‍ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് നാവികസേനയുടെ കണ്ടെത്തല്‍.‍ ഐഎസ്ഐ ബന്ധമുള്ളവരാണ് ഹണിട്രാപ്പില്‍ കുടുക്കിയത്. 

ആന്ധ്രാപ്രദേശ് പൊലീസും നാവിക രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ ചാരവൃത്തി നടത്തിയതിന് ഏഴ് നാവികസേന ഉദ്യോഗസ്ഥരെ പിടികൂടിയതോടെയാണ് കേസിന്‍റെ തുടക്കം. ആന്ധ്രപ്രദേശ് പൊലീസിന്‍റെ മേല്‍നോട്ടത്തില്‍ നാവിക സേന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ സഹകരണത്തോട് കേസില്‍ അന്വേഷണം തുടരുകയായിരുന്നു. ഇതിലാണ് ആകെ 13 പേര്‍ പിടിയിലായത്. സൈനികേതര വിഭാഗത്തില്‍ ജോലി ചെയ്യുന്ന രണ്ടുപേരുള്‍പ്പടെയാണ് 13 പേര്‍.    

മുംബൈ, കര്‍വാര്‍, വിശാഖപട്ടണം എന്നീ നാവികസേനാ ആസ്ഥാനങ്ങളില്‍ നിന്നായിരുന്നു ഇവരെ പിടികൂടിയത്. ഹണിട്രാപ്പില്‍ കുടുങ്ങിയ ഈ ഉദ്യോഗസ്ഥര്‍ നാവികസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ വഴി പാകിസ്ഥാന്‍ ചാര സംഘടനയില്‍പ്പെട്ടവര്‍ക്ക് കൈമാറിയിരുന്നതായും കണ്ടെത്തി. ഇതോടെ സ്മാര്‍ട്ട് ഫോണുകളും ഫേസ്ബുക്ക് പോലുള്ള സാമൂഹികമാധ്യമങ്ങളും നാവിക സേന ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് നിരോധിക്കുകയും ചെയ്തിരുന്നു.

click me!