
ഷിംല: ഉത്തരേന്ത്യയിൽ നാശം വിതയ്ക്കുകയാണ് പേമാരി. ഹിമാചൽ പ്രദേശിൽ ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മണ്ടി - കുളു ദേശീയപാത അടച്ചിരിക്കുകയാണ്. പ്രദേശത്തെ ഒരു പാലം ഒലിച്ചുപോയ റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നു. മണാലിയിൽ നിർത്തിയിട്ട കാറുകൾ ഒലിച്ചുപോയി. ബിയാസ് നദിയിലെ വെള്ളപ്പൊക്കത്തിലാണ് കാറുകൾ പെട്ടുപയോത്. പഞ്ചാബിലെ ഹോഷിയാർപൂരിലും കനത്ത മഴയാണ്. വീടുകളില്‍ വെള്ളം കയറി. റോഡില്‍ വൻ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ മുതല്‍ പഞ്ചാബില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.
അതേസമയം ഹിമാചലിൽ നിന്നുള്ള ചില ദൃശ്യങ്ങൾ ഏവരെയും മരവിപ്പിക്കുന്നതാണ്. പിടിഐ പുറത്തുവിട്ട ഒരു ദൃശ്യത്തിൽ ഉരുൾപൊട്ടി വരുന്നതും വഴിയിലുള്ള വീടുകളെല്ലാം അതിവേഗം ഒലിച്ചുപോകുന്നതിന്റെ ഭീകരത ദൃശ്യമാകുന്നുണ്ട്. വെള്ളപ്പാച്ചിൽ കടന്നുപോയിടത്ത് പിന്നീട് ഒരു വീടിരുന്നതിന്റെ ലക്ഷണം പോലുമുണ്ടായിരുന്നു. മരങ്ങളും കമ്പുകളും കല്ലുകളുമടക്കം എല്ലാം ഒലിച്ചുപോകുന്നതായിരുന്നു ഞെട്ടിക്കുന്ന വീഡിയോയിൽ. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ തുനാഗ് മേഖലയിൽ മലവെള്ളപ്പാച്ചിലിന്റെ ദൃശ്യങ്ങളാണ് ഇതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഹിമാചലിലെ സോളൻ ജില്ലയിലെ ചേവ ഗ്രാമത്തിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങളും ഭയപ്പെടുത്തുന്നതാണ്.
അതേസമയം, ജമ്മുകശ്മീരില്‍ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കുണ്ട്. ജമ്മുകശ്മീരിലെ ഡോഡയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഉത്തരേന്ത്യയില്‍ വ്യാപക മഴ തുടരുകയാണ്. ജമ്മുകശ്മീരിലെ ദേശീയപാത 44 ന്‍റെ ഒരു ഭാഗം തകർന്നു. ഛാബ സെരിയിലെ നന്ദിയോട് ചേർന്ന ഭാഗത്താണ് റോഡ‍് തകർന്നത്. ദില്ലിയിലെ കനത്ത മഴയിൽ നഗരത്തിൽ പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. പലയിടത്തും ഗതാഗതം താറുമാറായ അവസ്ഥയിലാണ്.
കനത്ത മഴയെത്തുടർന്ന് ദില്ലിയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമാണ്. ഇന്നും നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. 24 മണിക്കൂറിനിടെ രാജസ്ഥാനിൽ മഴക്കെടുതിയിൽ നാല് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. രാജസ്ഥാനിലെ രാജ്സമന്ദ്, ജലോർ, പാലി, അജ്മീർ, അൽവാർ, ബൻസ്വാര, ഭരത്പൂർ, ഭിൽവാര, ബുണ്ടി, ചിത്തോർഗഡ്, ദൗസ, ധൗൽപൂർ, ജയ്പൂർ, കോട്ട എന്നിവയുൾപ്പെടെ ഒമ്പതിലധികം ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam