ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് നൽകാൻ ഒരുങ്ങുകയാണ് റെയിൽവേ
ദില്ലി: ട്രെയിൻ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് നൽകാൻ ഒരുങ്ങുകയാണ് റെയിൽവേ. എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസ്, അനുഭൂതി, വിസ്റ്റാഡോം കോച്ചുകൾ ഉൾപ്പെടെ എസി സിറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എസി ചെയർ കാർ, എക്‌സിക്യൂട്ടീവ് ക്ലാസുകളിൽ എന്നിവയിലും സ്കീം ബാധകമായിരിക്കും. അടിസ്ഥാന നിരക്കിൽ പരമാവധി 25 ശതമാനം വരെയാണ് ഇളവ് നല്‍കുക. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ്, ജിഎസ്ടി എന്നിവയ്ക്ക് പുറമേയാണിത്. ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും ഇളവ്. അതേസമയം നേരത്തെ ബുക്ക് ചെയ്ത് കഴിഞ്ഞവര്‍ക്ക് റീ ഫണ്ടില്ല.
ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകൾ ഒഴിവുള്ള ട്രെയിനുകൾക്കായിരിക്കും ഇളവ് നല്‍കുകയെന്നാണ് റിപ്പോർട്ട്. ഇളവ് ഒരുമാസത്തിനകം പ്രാബല്യത്തിൽ വരും. വന്ദേഭാരതിന് ഉൾപ്പെടെ ബാധകമായിരിക്കും. യാത്രക്കാര്‍ ഒഴിവുള്ള ട്രെയിനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ ഈ പദ്ധതി ബാധകമാകുക. ഒരുവര്‍ഷത്തേക്കാണ് ഇത്തരത്തിലൊരു പദ്ധതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
25 ശതമാനം വരെ എസി ചെയര്‍ കാറുകള്‍ക്കടക്കം നിരക്ക് കുറക്കാനുള്ള നിര്‍ദ്ദേശമാണ് സോണല്‍ റെയില്‍വേകള്‍ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയം നല്‍കിയത്. വേനൽ അവധിയുൾപ്പെടെ സീസൺ സമയം കഴിഞ്ഞതിനാൽ പരീക്ഷണ അടിസ്ഥാനത്തിലാണ് റെയിൽവേ പദ്ധതി. കൂടുതൽ യാത്രക്കാരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം ലക്ഷ്യമിടുന്നു റെയിൽവേ.
തീരുമാനം നടപ്പിലാക്കാനുള്ള അധികാരം സോണല്‍ റെയില്‍വേക്കാണ്. എന്നാൽ കേരളത്തിൽ പദ്ധതിയുടെ ഗുണം ലഭിക്കാനിടയില്ല. കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് യാത്രക്കാർ കുറവില്ലാത്ത സാഹചര്യമാണ്. വന്ദേഭാരതിൽ രാജ്യത്തെ ഏറ്റവും കൂടുതൽ യാത്രക്കാരുള്ളതും കേരളത്തിലാണ്. എന്നാൽ കേരളത്തിന് പുറത്ത് വിനോദയാത്രക്ക് അടക്കം പോകുന്ന മലയാളികൾക്ക് ഈ പദ്ധതി ഗുണം ചെയ്യും.
Read more: 'ഇനി ഗുരുവായൂരപ്പന് സ്വന്തം', കാണിക്കയായി വിപണിയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന എക്സ് യു വി!
