​Inflation:​ വിലക്കയറ്റം തടയാൻ തെങ്കാശിയിലെ കർഷകരിൽ നിന്നും ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി ശേഖരിക്കും

By Web TeamFirst Published Dec 2, 2021, 3:55 PM IST
Highlights

ഹോർട്ടി കോർപ്പ് എംഡിയുടെ നേതൃത്വത്തിൽ തെങ്കാശിയിൽ ചേർന്ന യോഗത്തിലാണ് പച്ചക്കറികൾ കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കാൻ തീരുമാനിച്ചത്. 

കൊല്ലം: സംസ്ഥാനത്തെ പച്ചക്കറി വില (inflation of Vegetables) വർധന നിയന്ത്രിക്കാൻ തമിഴ്നാട്ടിലെ തെങ്കാശിയിലെ (Thenkasi) 6000 കർഷകരിൽ നിന്ന് ഹോർട്ടി കോർപ്പ് നേരിട്ട് പച്ചക്കറി സംഭരിക്കും. തെങ്കാശിയിലെ ഓരോ ദിവസത്തെയും മാർക്കറ്റ് വിലയ്ക്ക് അനുസരിച്ചാവും പച്ചക്കറികൾ സംഭരിക്കുക. ഇടനിലക്കാരെ പൂർണമായി ഒഴിവാക്കി കർഷകരിൽ നിന്നും നേരിട്ട് പച്ചക്കറികൾ ശേഖരിക്കുന്നതോടെ കർഷകർക്ക് ന്യായമായ വില ഉറപ്പുവരുത്താനും കേരളത്തിലെ പൊതുവിപണിയിൽ പച്ചക്കറി ക്ഷാമവും വിലക്കയറ്റവും ഒഴിവാക്കാനും സാധിക്കുമെന്നാണ് ഹോർട്ടികോർപ്പ് അധികൃതരുടെ പ്രതീക്ഷ. 

ഹോർട്ടി കോർപ്പ് എംഡിയുടെ നേതൃത്വത്തിൽ തെങ്കാശിയിൽ ചേർന്ന യോഗത്തിലാണ് പച്ചക്കറികൾ കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കാൻ തീരുമാനിച്ചത്. ഇതിനായി ഈ മാസം എട്ടിന് തന്നെ കർഷകരുമായി ധാരണ പത്രം ഒപ്പിടും. തെങ്കാശിയിൽ തൽക്കാലം കേരളം സംഭരണശാല തുടങ്ങില്ല. കർഷക കൂട്ടായ്മകളുടെ സംഭരണ ശാലയിൽ നിന്ന് പച്ചക്കറി ശേഖരിക്കാനാണ് തീരുമാനം. 

കേരളത്തിൽ കുതിച്ചു കയറുന്ന പച്ചക്കറി വില പിടിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹോർട്ടികോർപ്പ് എംഡിയുടെ നേതൃത്വത്തിൽ തെങ്കാശിയിൽ യോഗം ചേർന്നത്. തമിഴ്നാട് സർക്കാർ ഉദ്യോഗസ്ഥരും ആറ് കർഷക കൂട്ടായ്മകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. തെങ്കാശി മാർക്കറ്റിലെ വിലയ്ക്കൊപ്പം ഒരു രൂപ അധികം കർഷകകൂട്ടായ്മകൾക്ക് ഹോർട്ടികോർപ്പ് നൽകും.  

click me!