
ദില്ലി : പണം മോഷ്ടിച്ചെന്ന് സംശയം. ബിഎസ് സി നഴ്സിംഗ് വിദ്യാര്‍ത്ഥിനികളെ വസ്ത്രമഴിച്ച പരിശോധിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍. ദില്ലിയിലെ എല്‍എന്‍ജെപി ആശുപത്രിയുടെ അഹില്യാഭായ് കോളേജ് ഓഫ് നഴ്സിംഗിന്‍റെ ഹോസ്റ്റലിലാണ് സംഭവം. പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ച് ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. ഹോസ്റ്റല്‍ വാര്‍ഡനും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഒരു പരിപാടിക്ക് പോയിരിക്കുകയായിരുന്നു പരിശോധനയ്ക്ക് വിധേയമാകേണ്ടി വന്ന വിദ്യാര്‍ത്ഥിനികള്‍. പരിപാടിക്കിടെ വാര്‍ഡന്‍റെ ബാഗില്‍ നിന്ന് 8000 രൂപ കാണാതാവുകയായിരുന്നു.
വാര്‍ഡന് സംശയം തോന്നിയ അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനികളായ രണ്ട് പേരെ വാര്‍ഡനും മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വസ്ത്രമഴിച്ച് പരിശോധന നടത്തുകയായിരുന്നു. എന്നാല്‍ ഇവരില്‍ നിന്ന് യാതൊരു രീതിയിലുമുള്ള പണം പരിശോധനയില്‍ കണ്ടെത്താനായില്ല. തിരികെ ഹോസ്റ്റലിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ സംഭവം വീട്ടിലറിയിക്കുകയായിരുന്നു. പിന്നാലെ രക്ഷിതാക്കള്‍ കോളേജിലെത്തി കോളേജ് അധികൃതര്‍ക്ക് വാര്‍ഡനെതിരെ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തേക്കുറിച്ച് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്.
വനിതാ വിദ്യാര്‍ത്ഥിനികളെ വസ്ത്രമഴിച്ച് പരിശോധിച്ചത് സംബന്ധിച്ച് രക്ഷിതാക്കള്‍ ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 354 അനുസരിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് തിലക് മാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരിക്കുകയാണ്. രക്ഷിതാക്കളുടെ പരാതിയില്‍ കോളേജ് അധികൃതര്‍ ആരോപണത്തിലെ വസ്തുത കണ്ടെത്തുന്നതിനായി കമ്മിറ്റി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാര്‍ഡനെ താല്‍ക്കാലികമായി ഹോസ്റ്റലിന്‍റെ ചുമതലയില്‍ നിന്ന് മാറ്റിയിരിക്കുകയാണ്.