
ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനായി, സദ്ഗുരു ജഗ്ഗി വാസുദേവ് നിർദ്ദേശിച്ച സിംഹയോഗ പരിശീലിക്കാൻ ജീവനക്കാരോട് നിർദ്ദേശിച്ച് കേന്ദ്ര നഗര കാര്യസെക്രട്ടറി. ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്ന ഈ പ്രഖ്യാപനത്തിൽ, ജഗ്ഗി വാസുദേവ് നിർദ്ദേശിച്ച സിംഹ യോഗ ക്രിയ ഇന്നത്തെ കൊവിഡ് സാഹചര്യത്തെ നേരിടാൻ തക്ക ശക്തിയുള്ളതാണെന്നും അവ പിന്തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കി.
ജഗ്ഗി വാസുദേവിന്റെ യോഗയുടെ യൂട്യൂബ് വീഡിയോ ലിങ്കും പങ്കുവച്ചിട്ടുണ്ടെന്ന് ഭവന നഗര കാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇപ്പോഴത്തെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ പരിശീലിക്കാവുന്ന ഏറ്റവും മികച്ച യോഗക്രിയയാണിത്. വ്യക്തിയുടെ ശ്വസന, പ്രതിരോധ പ്രക്രിയകളെ ശക്തിപ്പെടുത്തുകയും പ്രതിസന്ധികളെ നേരിടാൻ പാകപ്പെടുത്തുകയും ചെയ്യുന്നു എന്നും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കുറച്ച് മിനിറ്റുകൾ മാത്രമേ ആവശ്യമുള്ളൂ എന്നും ഭക്ഷണം കഴിക്കുന്നതിന് മുമ്പാണ് ഈ യോഗ ക്രിയ ചെയ്യേണ്ട
തെന്നും കത്തിൽ നിർദ്ദേശമുണ്ട്.
യോഗയുടെ കൃത്യമായി പ്രയോജനം ലഭിക്കണമെങ്കിൽ വീഡിയോയിലെ എല്ലാ നിർദ്ദേശങ്ങളും ശ്രദ്ധാപൂർവ്വം പാലിക്കേണ്ടതാണെന്നും സ്റ്റാഫുകൾക്ക് നിർദ്ദേശമുണ്ട്. കരാർ ജീവനക്കാരും ഡ്രൈവേഴ്സുമുൾപ്പെടെ എല്ലാ ജീവനക്കാരും വീഡിയോ കണ്ട്, യോഗ ചെയ്ത് പ്രയോജനം നേടണമെന്നും അണ്ടർ സെക്രട്ടറി എൻ സിൻഹ ഒപ്പിട്ട ഔദ്യോഗിക ഉത്തരവിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam