'വീ ദ ഇഡിയറ്റ്‍സ്', മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറി വിവിധ പത്രങ്ങൾ കണ്ടതെങ്ങനെ?

By Web TeamFirst Published Nov 24, 2019, 3:31 PM IST
Highlights

വെള്ളിയാഴ്ച രാത്രി ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം ശരദ് പവാർ നടത്തിയപ്പോൾ, ന്യൂസ് റൂമുകൾ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ശിവസൈനികനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തയ്യാറാക്കിത്തുടങ്ങി. ഉദ്ധവ് മുഖ്യമന്ത്രിയെന്ന തലക്കെട്ട് ആളുകൾ രാവിലെ ചായക്ക് ഒപ്പം വായിക്കുമ്പോൾ രാജ്ഭവനിൽ ദേവേന്ദ്ര ഫട്‍നവിസ് സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു!

അർദ്ധരാത്രി നടന്ന രാഷ്ട്രീയ മറിമായം! ജനാധിപത്യത്തിന്‍റെയും ഭരണഘടനയുടെയും തത്വങ്ങളെത്തന്നെ നോക്കുകുത്തിയായി നടന്ന മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം കണ്ട് അന്തം വിട്ടുപോയത് ജനത്തിനൊപ്പം പ്രതിപക്ഷവുമാണ്. പുലർച്ചെ അഞ്ചേമുക്കാലിന് സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം റദ്ദാക്കി ഉത്തരവിറങ്ങിയത് കണ്ട്, രാഷ്ട്രീയലോകം അമ്പരന്ന് നിന്നു. 24 മണിക്കൂറും ജോലി ചെയ്യുന്ന പ്രധാനമന്ത്രിയും രാഷ്ട്രപതിയുമാണ് രാജ്യത്തുള്ളതെന്ന് ബിജെപിക്കാർ മറുപടി പറഞ്ഞു. 

വെള്ളിയാഴ്ച രാത്രിയാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന പ്രഖ്യാപനം ശരദ് പവാർ നടത്തുന്നത്. ചരിത്രത്തിലാദ്യമായി ഒരു ശിവസൈനികൻ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാകുന്ന വാർത്ത ചരിത്രമടക്കം ചേർത്ത് തയ്യാറാക്കി ന്യൂസ് റൂമുകളെല്ലാം. അങ്ങനെ പിറ്റേന്ന് പുലർച്ചെ എത്തിയ പത്രത്തിൽ 'ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി'യെന്ന തലക്കെട്ട് ചായക്കൊപ്പം ജനം വായിക്കുമ്പോൾ, രാജ്ഭവനിൽ ദേവേന്ദ്ര ഫട്‍നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു!

അർദ്ധരാത്രി നടന്ന നാടകം, ഇന്ന് വിവിധ പത്രങ്ങൾ റിപ്പോർട്ട് ചെയ്തതെങ്ങനെ? 

കുറിക്ക് കൊള്ളുന്ന തലക്കെട്ടുകളുടെ ആശാൻമാരായ, ദ് ടെലഗ്രാഫ് ദിനപ്പത്രം പതിവ് തെറ്റിച്ചതേയില്ല. 'നമ്മൾ വിഡ്ഢികൾ' എന്ന് - 'വീ ദ് ഇഡിയറ്റ്‍സ്' എന്ന്, 'വീ ദ് പീപ്പിൾ ഓഫ് ഇന്ത്യ' എന്ന ഭരണഘടനയുടെ ആദ്യ വാചകം തിരുത്തിയെഴുതി തലക്കെട്ടാക്കി ദ് ടെലഗ്രാഫ്. 

മോദിയുടെയും രാഷ്ട്രപതി കോവിന്ദിന്‍റെയും അമിത് ഷായുടെയും തലകൾ വച്ച്, ''മോദി സവിശേഷാധികാരം ഉപയോഗിച്ച് നൽകുന്ന കത്തിൽ രാഷ്ട്രപതി റബ്ബർ സ്റ്റാമ്പ് മാത്രമായി ഒപ്പ് വച്ച്, ആ വിജ്ഞാപനം അമിത് ഷായുടെ ആഭ്യന്തരമന്ത്രാലയം പുലർച്ചെ 5.47-ന് പുറത്തിറക്കുമ്പോൾ നമ്മൾ ജനം പിന്നെയെന്താണ്?'' എന്ന ചോദ്യമാണ് വെണ്ടക്കയ്ക്ക് കീഴെ ടെലിഗ്രാഫ് ഉയർത്തുന്നത്.

എംഎൽഎമാരെ തിരികെയെത്തിക്കാൻ പവാർ കഷ്ടപ്പെടുന്നതും, വിമതരിൽ ഒരാളെ സേന ഓടിച്ചിട്ട് പിടിച്ചതും, ഫഡ്‍നാവിസ് മുഖ്യമന്ത്രിയായതെങ്ങനെയെന്നും, ആദ്യപേജിലെ വാർത്തകൾ.

കൊൽക്കത്തയിലല്ല, ശരിക്ക് ഡേ - നൈറ്റ് ടെസ്റ്റ് മുംബൈയിലാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറഞ്ഞത്. 'ഈ പിങ്ക് ബോൾ വരുന്നത് ആരും കണ്ടില്ല' എന്ന് വിശേഷണവും. സ്പോർട്സ് പേജിന്‍റെ അതേ ശൈലിയിലുള്ള ലേ ഔട്ടായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടേത്. ഒപ്പം ആകർഷകമായ ഗ്രാഫിക്സും ഒപ്പം ചേർത്തു. വൈകിട്ടൊരു സർജിക്കൽ സ്ട്രൈക്ക് എന്നാണ് ഗ്രാഫിക്സിന്‍റെ തലക്കെട്ട്. വിമർശകാത്മകമായി ഒന്നുമില്ല. സംഭവങ്ങളുടെ വിവരണങ്ങൾ, ആകർഷകമായി വിവരിക്കുന്നുവെന്ന് മാത്രം.

'നിങ്ങളുറങ്ങുമ്പോൾ', എന്നൊരു തലക്കെട്ടിൽ ഇന്ത്യൻ എക്സ്പ്രസ് വാർത്തയെത്തിച്ചു. മഹാരാഷ്ട്ര ഉണർന്നത്, ഫട്‍നാവിസ് മുഖ്യമന്ത്രിയായതിലേക്ക് എന്ന് പറഞ്ഞ്, സംഭവങ്ങളുടെ പ്രധാന വിവരങ്ങളും പ്രതിപക്ഷത്തിന്‍റെ വിമർശനങ്ങളുമെല്ലാം ആദ്യത്തെ പേജിൽ ആദ്യ ഭാഗത്ത് ഒതുക്കിയ ഇന്ത്യൻ എക്സ്പ്രസ്, അജിത് പവാർ എങ്ങനെയാണ്, അഴിമതിക്കേസുകളിൽ പെട്ട് ബിജെപിയുടെ ഉന്നമായിരുന്നതെന്ന്, ഒരു റിപ്പോർട്ട് ഒളിയമ്പുമായി ആദ്യപേജിന് കീഴെ.

 

ഹിന്ദുസ്ഥാൻ ടൈംസ് തലക്കെട്ട് വളരെ കരുതലോടെയായിരുന്നു. മഹാരാഷ്ട്ര നാടകം തുടരുന്നു, ഫട്‍നവിസ് മുഖ്യമന്ത്രി, അജിത് ഡെപ്യൂട്ടി എന്ന് മാത്രം. 

'മില്ലേനിയൽ' സ്റ്റൈലിൽ കസറിയ തലക്കെട്ട് പക്ഷേ, ദ് ഏഷ്യൻ ഏജിന്‍റേതായിരുന്നു. കണ്ടോളൂ.  

click me!