'മുന്‍സിപ്പാലിറ്റി പോലും ഭരിക്കാത്ത യോഗിയെ എന്തുകൊണ്ട് മുഖ്യമന്ത്രിയാക്കി'; കാരണം തുറന്ന് പറഞ്ഞ് അമിത് ഷാ

By Web TeamFirst Published Jul 28, 2019, 3:02 PM IST
Highlights

നിയമസഭ തെരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിന് ശേഷം ഉത്തര്‍പ്രദേശ് പോലൊരു വലിയ സംസ്ഥാനത്ത് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുമെന്ന് ആരും കരുതിയിരുന്നില്ല.

ലക്നൗ: ഭരണരംഗത്ത് മുന്‍പരിചയമൊന്നുമില്ലാത്ത, മഠാധിപതിയായിരുന്ന യോഗി ആദിത്യനാഥിനെ എന്തുകൊണ്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാക്കിയെന്ന് വിശദീകരിച്ച് കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷാ. നിയമസഭ തെരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിന് ശേഷം ഉത്തര്‍പ്രദേശ് പോലൊരു വലിയ സംസ്ഥാനത്ത് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാകുമെന്ന് ആരും കരുതിയിരുന്നില്ല. നിരവധി ആളുകള്‍ എന്നെ വിളിച്ചു. ഒരു മുനിസിപ്പാലിറ്റി പോലും ഭരിച്ചിട്ടില്ലാത്ത ഒരാളെ എന്തുകൊണ്ടാണ് ഇത്രയും വലിയതും രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ സംസ്ഥാനത്തിന്‍റെ ഭരണമേല്‍പ്പിക്കുന്നതെന്ന് ചോദിച്ചായിരുന്നു വിളി.

എന്നാല്‍, എന്‍റെയും മോദിയുടെയും തീരുമാനം മറ്റൊന്നായിരുന്നു. യോഗി ആദിത്യനാഥ് കര്‍മ്മനിരതനായിരുന്നു. ഭരണപരിചയക്കുറവിനെ അദ്ദേഹം സ്ഥിരോത്സാഹവും ജോലി ചെയ്യാനുള്ള താല്‍പര്യവും ധാര്‍മികതയും കൊണ്ട് മറികടക്കുമെന്ന് ഞങ്ങള്‍ക്കുറപ്പായിരുന്നു- അമിത് ഷാ പറഞ്ഞു. ലക്നൗവില്‍ 65000 കോടി രൂപയുടെ പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. 

2017ലാണ് വന്‍ഭൂരിപക്ഷത്തോടെ ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരം പിടിച്ചെടുക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ലാതെയായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, വിജയത്തിന് ശേഷം മുന്‍നിര നേതാക്കന്മാരെയെല്ലാം ഒഴിവാക്കി ഗൊരഖ്നാഥ് ക്ഷേത്രത്തിന്‍റെ തലവനും എംപിയുമായിരുന്ന  യോഗി ആദിത്യനാഥിനാണ് നറുക്ക് വീണത്.

click me!