കാശ്മീരിൽ ജയ്ഷെ മുഹമ്മദിന്റെ തലവനാകാൻ ആളെ കിട്ടുന്നില്ല

By Web TeamFirst Published Apr 24, 2019, 6:11 PM IST
Highlights

"ഞങ്ങൾ ജയ്ഷെ മുഹമ്മദിന്റെ തലവനെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പക്ഷെ ഇപ്പോൾ ഈ നേതൃസ്ഥാനം വഹിക്കാൻ ആരും വരുന്നില്ല. ജയ്ഷെ മുഹമ്മദിനെ ഇല്ലാതാക്കിയിട്ടേ ഞങ്ങൾ നിർത്തൂ," കെജെഎസ് ധില്ലോൺ പറഞ്ഞു

ദില്ലി: ജമ്മു കാശ്മീരിൽ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ നേതൃത്വം ഏറ്റെടുക്കാൻ ആരും തയ്യാറാവുന്നില്ലെന്ന് സൈന്യം. ജമ്മു കാശ്മീർ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇത് വളരെ നല്ല കാര്യമാണെന്നും അവർ പറഞ്ഞു.

കഴിഞ്ഞ വർഷം 272 ഭീകരരെയാണ് കൊലപ്പെടുത്തിയത്. വളരെയേറെ പേരെ കീഴ്‌പ്പെടുത്തി. പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം കൂടുതൽ ശക്തമായി മേഖലയിൽ ഇടപെടുന്നുണ്ടെന്നാണ് വിശദീകരണം.

സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് കുറഞ്ഞിട്ടുണ്ട്. ഈ വർഷം ഇതുവരെ 69 ഭീകരരെ കൊലപ്പെടുത്തിയെന്നും 12 പേരെ കീഴ്‌പ്പെടുത്തിയെന്നും ജിഒസി 15 ട്രൂപ്പിന്റെ തലവൻ കെജെഎസ് ധില്ലോൺ പറഞ്ഞു.

മുഴുവൻ ശക്തിയുമുപയോഗിച്ച് കാശ്മീരിലെ ഭീകരരെ അമർച്ച ചെയ്യുമെന്ന് ധില്ലോൺ പറഞ്ഞു. "ഞങ്ങൾ ജയ്ഷെ മുഹമ്മദിന്റെ തലവനെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പക്ഷെ ഇപ്പോൾ ഈ നേതൃസ്ഥാനം വഹിക്കാൻ ആരും വരുന്നില്ല. പാക്കിസ്ഥാൻ നന്നായി പരിശ്രമിച്ചിട്ടും ആരും അതിന് തയ്യാറാവുന്നില്ല. ജയ്ഷെ മുഹമ്മദിനെ ഇല്ലാതാക്കിയിട്ടേ ഞങ്ങൾ നിർത്തൂ," കെജെഎസ് ധില്ലോൺ പറഞ്ഞു.

click me!