
കോലാപ്പൂർ: പൈപ്പ് ഗ്യാസ് കണക്ഷൻ എടുത്ത ദിവസം തന്നെ ലീക്കായി. ഗ്യാസ് ലീക്ക് തിരിച്ചറിയാതെ അടുക്കളയിലെ സ്വിച്ച് ഇട്ട് 29കാരി. വൻ പൊട്ടിത്തെറി. 29കാരിക്ക് ദാരുണാന്ത്യം. രണ്ട് മക്കൾക്കും ഭർതൃപിതാവിനും ഗുരുതര പരിക്ക്. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് കളംബ ജയിലിന് സമീപത്തെ മനോരമ കോളനിയിൽ വീട്ടിൽ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ വീട്ടിലുണ്ടായിരുന്ന 29കാരി ശീതൾ മരിച്ചിരുന്നു. ശീതളിന്റെ 6 വയസുള്ള മകൻ പ്രജ്വലിനും മൂന്ന് വയസുള്ള മകൾ ഇഷികയ്ക്കും ഭർതൃപിതാവ് ആനന്ദിനും ഗുരുതര പരിക്കാണ് പൊട്ടിത്തെറിയിലുണ്ടായത്. സംഭവത്തിൽ കോലാപ്പൂർ മുൻസിപ്പിൽ കോർപ്പറേഷൻ നടത്തിയ പരിശോധനയിലാണ് ഗ്യാസ് പൈപ്പ് ലൈനിൽ നിന്നുള്ള ലീക്കാണ് അപകടകാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. പൈപ്പ് ലൈനിൽ നിന്ന് വീട്ടിൽ നിറഞ്ഞ ഗ്യാസ് അടുക്കളയിലെ സ്വിച്ച് ഇട്ടതിന് പിന്നാലെയുണ്ടായ ഇലക്ട്രിക് സ്പാർക്കിൽ പൊട്ടിത്തെറിക്കുകയായിരുന്നു. അടുത്തിടെയാണ് ഈ കുടുംബം ഗ്യാസ് പൈപ്പ് ലൈൻ തിരഞ്ഞെടുത്തത്.
തിങ്കളാഴ്ചയായിരുന്നു ഇവരുടെ വീട്ടിൽ ഗ്യാസ് കണക്ഷൻ സ്ഥാപിക്കൽ പൂർത്തിയായയത്. ഇവരുടെ വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾക്ക് കേടുപാടില്ലെന്നും ഇതിൽ നിന്ന് ഗ്യാസ് ലീക്കായിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. പൈപ്പ് ഗ്യാസ് ഘടിപ്പിക്കുന്ന സമയത്തുണ്ടായ അപാകതയാണ് ലീക്കിന് കാരണമായതെന്നാണ് പരിശോധനയിൽ വ്യക്തമായത്. വൈകുന്നേരം അഞ്ച് മണി വരെ വീട്ടിൽ ഗ്യാസ് പൈപ്പ് ലൈൻ ജോലികൾ നടന്നിരുന്നു. വൈകുന്നേരം പുറത്ത് പോയ കുടുംബം രാത്രിയിൽ തിരിച്ചെത്തി മുറിയിൽ ലൈറ്റ് ഇടാൻ ശ്രമിച്ചതോടെയാണ് വലിയ പൊട്ടിത്തെറിയുണ്ടായത്.
മണിക്കൂറുകൾ മുറിയിൽ ലീക്കായ ഗ്യാസ് വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ടെത്തിയ അയൽവാസികളാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. വീട്ടിലെ ഫർണിച്ചറുകളും മറ്റ് സാധനങ്ങളും പൊട്ടിത്തെറിയിൽ നശിച്ചിട്ടുണ്ട്. 20 മിനിറ്റോളം നീണ്ട പ്രയത്നത്തിന് ശേഷമാണ് വീട്ടിൽ പടർന്ന തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. കോലാപ്പൂരിലെ ഒരു ഹോട്ടലിലാണ് ശീതളിന്റെ ഭർത്താവ് അമർ ജോലി ചെയ്യുന്നത്. സംഭവ സമയത്ത് അമർ വീട്ടിലുണ്ടായിരുന്നില്ല.
രത്നഗിരി സ്വദേശികളാണ് വീട്ടുകാർ. ഗണേശോത്സവത്തിന് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബമുണ്ടായിരുന്നത്. ഇവരുടെ വീട്ടിലേക്ക് സ്ഥാപിച്ചിരുന്ന ഗ്യാസ് കണക്ഷനിൽ മീറ്റർ സ്ഥാപിച്ചിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഗ്യാസ് പൈപ്പ് ലൈനിൽ ലീക്കുണ്ടായാൽ തടയുന്നത് മീറ്ററാണ് എന്നിരിക്കെയാണ് കരാറുകാരുടെ ഗുരുതര പിഴവ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം