
സൂറത്ത്: ഉറ്റ ബന്ധുവുമായി തർക്കം. യുവതിയുടെ മൂന്ന് വയസുള്ള മകനെ തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തി ട്രെയിനിലെ ശുചിമുറിയിൽ ഉപേക്ഷിച്ച 25കാരൻ അറസ്റ്റിൽ. ഖുശിനഗർ എക്സ്പ്രസിലെ ശുചിമുറിയിൽ നിന്നാണ് 3 വയസ് പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം ശുചീകരണ തൊഴിലാളികൾ കണ്ടെത്തിയത്. മുംബൈ ലോകമാന്യതിലക് ടെർമിനലിൽ ട്രെയിൻ എത്തിയപ്പോഴായിരുന്നു ഇത്. സംഭവത്തിൽ ബാന്ദ്രയിൽ നിന്നാണ് സൂറത്ത് സ്വദേശി അറസ്റ്റിലായത്. ഗുജറാത്തിലെ സൂറത്ത് സ്വദേശിയും 25കാരന്റെ ബന്ധുവുമായ മൂന്ന് വയസുകാരനാണ് കൊല്ലപ്പെട്ടത്. തിങ്കഴാഴ്ച രാത്രിയാണ് യുവാവ് അറസ്റ്റിലായത്. വികാസ് ഷാ എന്ന 25കാരനാണ് അറസ്റ്റിലായത്. മൂന്ന് വയസുകാരന്റെ അമ്മയുമായി വികാസിന് തർക്കങ്ങളുണ്ടായിരുന്നു. ഇത്തരത്തിലൊരു തർക്കത്തിന് പിന്നാലെ ഓഗസ്റ്റ് 22നാണ് മൂന്ന് വയസുകാരനെ വികാസ് സൂറത്തിലെ വീട്ടിൽ നിന്ന് എടുത്തുകൊണ്ട് പോന്നത്. കുട്ടിയ്ക്ക് വികാസ് ചിരപരിചിതനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സൂറത്ത് റെയിൽ വേ സ്റ്റേഷനിൽ നിന്ന് യാതൊരു സംശയത്തിനും ഇടനൽകാതെയാണ് 25കാരൻ കുട്ടിയുമായി സൗരാഷ്ട്ര എക്സ്പ്രസിൽ കയറി മുംബൈയിലെത്തിയത്.
എന്നാൽ എങ്ങനെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ട്രെയിനിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടതെന്നും വിശദമായ ചോദ്യം ചെയ്യലിൽ വ്യക്തമാകുമെന്ന നിരീക്ഷണത്തിലാണ് പൊലീസുള്ളത്. എന്തിനാണ് മൃതദേഹം ട്രെയിനിലെ ശുചിമുറിയിൽ ഉപേക്ഷിച്ചതെന്നും വിശദമായിട്ടില്ല. ഖുശിനഗർ എക്സ്പ്രസിലെ എസി കോച്ചിലെ ശുചിമുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മകനെ കാണാതായതിന് പിന്നാലെ വികാസിനെതിരെ കുട്ടിയുടെ അമ്മ പരാതി നൽകിയിരുന്നു. അംറോലി പൊലീസ് സ്റ്റേഷനിലായിരുന്നു യുവതി പരാതി നൽകിയത്.
യുവാവിനെ പൊലീസ് തെരയുന്നതിനിടയിലാണ് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. കാണാതായ കുട്ടികളുടെ പരാതി പൊലീസ് സമീപ സ്റ്റേഷനുകളിൽ അറിയിച്ചപ്പോഴാണ് കൊല്ലപ്പെട്ടത് സൂറത്ത് സ്വദേശിയാണെന്ന് വ്യക്തമായത്. ഒരാഴ്ച മുൻപ് അമ്മയോടൊപ്പം സൂറത്തിലെത്തിയ വികാസ് കുട്ടിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മൂന്ന് വയസുകാരന്റെ അമ്മ ബിഹാർ സ്വദേശിനിയാണ് വർഷങ്ങളായി സൂറത്തിലാണ് ഇവർ താമസിക്കുന്നത്. ദുബായിലാണ് യുവതിയുടെ ഭർത്താവുള്ളത്. കൊല്ലപ്പെട്ട മൂന്ന് വയസുകാരന് പുറമേ എട്ട് വയസുള്ള മകളും അഞ്ച് വയസുള്ള മകനുമാണ് യുവതിക്കുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam